മാര്‍ അപ്രേം മെത്രാപ്പോലീത്ത വിശ്വമാനവികതയുടെ വിശാലഹൃദയന്‍: മാര്‍ പോളി കണ്ണൂക്കാടന്‍

സമസ്ത ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന വിശ്വമാനവികതയുടെയും വിശാലഹൃദയത്തിന്റെയും ഉടമയായിരുന്നു പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ആര്‍ച്ചുബിഷപ് മാര്‍ അപ്രേമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുസ്മരിച്ചു.
അഞ്ചര പതിറ്റാണ്ടിലേറെ അദ്ദേഹം ഭാരതത്തിലെ പൗരസ്ത്യ കല്‍ദായ സുറിയാനി സഭയെ സമര്‍ഥമായി നയിച്ചു. അടിയുറച്ച ആത്മീയാചാര്യന്‍, സുറിയാനി ഭാഷാപണ്ഡിതന്‍, സഭാചരിത്ര ഗവേഷകന്‍, ഗ്രന്ഥകര്‍ത്താവ് തുടങ്ങിയ നിലകളില്‍ അദ്ദേഹം സഭയിലും പൊതുസമൂഹത്തിലും വ്യക്തിമുദ്ര പതിച്ചു. ആത്മീയ ഉള്‍ക്കാഴ്ചയും ലളിതജീവിതവും വഴി സര്‍വര്‍ക്കും സമാരാധ്യനായ പിതാവായി സുദീര്‍ഘകാലം അദ്ദേഹം നിറഞ്ഞുനിന്നു.
സഭാതലവനെന്ന നിലയില്‍ കര്‍മനിരതനായിരിക്കുമ്പോഴും വിവിധ സഹോദര ക്രൈസ്തവ സഭകളുമായും അവയിലെ വിശ്വാസികളുമായും ഐക്യത്തിന്റെയും സഹകരണത്തിന്റെയും അഭേദ്യബന്ധം കാത്തുസൂക്ഷിച്ചു. ഇരിങ്ങാലക്കുട രൂപതയുമായി അദ്ദേഹം എക്കാലവും സഹോദരതുല്യമായ സൗഹൃദം പുലര്‍ത്തി. സുദീര്‍ഘമായ പൗരോഹിത്യ, മേല്‍പ്പട്ട ശുശ്രൂഷയ്ക്കുശേഷം നിത്യതയിലേക്ക് വിടവാങ്ങിയ അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഇരിങ്ങാലക്കുട രൂപതയുടെ അനുശോചനം മാര്‍ പോളി കണ്ണൂക്കാടന്‍ രേഖപ്പെടുത്തി.