അറാട്ടൈയ്ക്കും സോഹോ മെയിലിനും പിന്നാലെ 'മാപ്പ്ൾസ്'; ഗൂഗിൾ മാപ്പ്സിന് ഇന്ത്യയിൽ നിന്നൊരു എതിരാളി

 
3333

ഗൂഗിൾ മാപ്പിന് എതിരാളിയായി എത്തിയ ഇന്ത്യൻ നിർമിത ആപ്പ്, 'മാപ്പ്ൾസി'ന് പിന്തുണയുമായി കേന്ദ്ര സർക്കാർ. മാപ് മൈ ഇന്ത്യ കമ്പനി പൂർണമായും ഇന്ത്യയിൽ നിർമിച്ച 'മാപ്പ്ൾസ്' ആപ്പ് ഉപയോഗിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എക്സിൽ വീഡിയോ പങ്കിട്ടു. ആപ്പിലേത് മികച്ച ഫീച്ചറുകളാണെന്നും എല്ലാവരും ഉപയോഗിച്ചു നോക്കണമെന്നും കുറിച്ചുകൊണ്ടാണ് അശ്വിനി വൈഷ്ണവ് വീഡിയോ പങ്കുവെച്ചത്.

3ഡി ജംഗ്ഷൻ വ്യൂസ്, റിയൽ ടൈം ഡ്രൈവിങ്ങ് അലേർട്ടുകൾ, ഡോർ സ്റ്റെപ് നേവിഗേഷൻ തുടങ്ങിയ നിരവധി വ്യത്യസ്ത ടൂളുകളാണ് സ്മാർട്ട് നേവിഗേഷൻ ആപ്പായ 'മാപ്പ്ൾസി'ലുള്ളത്. ഉപയോക്താക്കൾക്ക് യാത്രാ ചെലവുകൾ മുൻകൂട്ടി കണക്കാക്കാനും, അപകട സാധ്യതയുള്ള മേഖലകളെയും സ്പീഡ് ബ്രേക്കറുകളെയും കുറിച്ചുള്ള അലേർട്ടുകൾ ലഭിക്കാനും, ട്രാഫിക് സിഗ്നലുകളെക്കുറിച്ചും സിസിടിവി ക്യാമറ പോയിന്റുകളെക്കുറിച്ചും തത്സമയ അപ്‌ഡേറ്റുകൾ ആക്‌സസ് ചെയ്യാനും ആപ്പിൽ സാധിക്കും.

റെയിൽവേ സംവിധാനങ്ങളിൽ ആപ്പിന്റെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനായി ഇന്ത്യൻ റെയിൽവേയും 'മാപ്പ്ൾസും' തമ്മിൽ ഒരു കരാർ ഉടൻ ഒപ്പുവെക്കുമെന്ന് അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ പ്രധാന മേഖലകളിൽ തദ്ദേശീയമായ നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ഇന്ത്യ സ്വദേശി ടെക് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന സമയത്താണ് ഈ പ്രഖ്യാപനം.

നേരത്തെ ഇന്ത്യൻ നിർമിത ആപ്പുകളായ അറട്ടൈ, സോഹോ മെയിൽ തുടങ്ങിയവയെ കേന്ദ്രം പ്രോത്സാഹിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് 'മാപ്പ്ൾസി'നും പിന്തുണ നൽകുന്നത്. ജിമെയിലിനും മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്കിനും പകരമായി ഉപയോഗിക്കാവുന്ന ഇന്ത്യന്‍ മെയില്‍ പ്ലാറ്റ്‌ഫോമാണ് സോഹോ മെയിൽ. വാട്‌സ്ആപ്പിന് ബദലായി പുറത്തിറക്കിയ ഇന്ത്യന്‍ നിര്‍മിത മെസേജിങ് ആപ്പ് ആണ് അറട്ടൈ.

Tags

Share this story

From Around the Web