മണിപ്പൂർ സംഘർഷം: ഇംഫാലിൽ കർഫ്യൂ തുടരുന്നു; യാത്രകൾക്ക് വിലക്ക്
ഇംഫാൽ: മണിപ്പൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുന്നു. ഇംഫാൽ വെസ്റ്റിലും സേനാപതിയിലും ആണ് അഞ്ചുദിവസത്തെ കർഫ്യൂ ഏർപ്പെടുത്തിയത്. ഇരു മേഖലകളിൽ നിന്നുള്ളവർ മറ്റു ജില്ലകളിലേക്ക് യാത്ര ചെയ്യരുതെന്ന് നിർദ്ദേശവും നൽകിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി കൂടുതൽ സേനയെയും ഇംഫാലിൽ വിന്യസിച്ചിരുന്നു.
ട്രോൺഗ്ലോബിയിലെ രണ്ടു കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെയാണ് നാഗ കുക്കി വിഭാഗങ്ങൾ തമ്മിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കണമെന്ന് മണിപ്പൂർ ഗവർണർ അജയ് കുമാർ ബില്ല ആവശ്യപ്പെട്ടു. ഇംഫാൽ താഴ്വരയിൽ സമാധാനം പുനസ്ഥാപിക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഗവർണർ ആഹ്വാനം ചെയ്തു.
മണിപ്പൂർ സംഘർഷത്തിൽ 58881 പേർ കുടിയിറക്കപ്പെട്ടതായും 10000 വീടുകൾ തകർന്നതായുമാണ് വിവരാവകാശ രേഖ വഴിയുള്ള വിവരം. കലാപത്തിൽ 217 പേരാണ് ഇതുവരെ കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മണിപ്പൂരിലെ കോൺഗ്രസ് നേതാവ് ഹരേശ്വർ ഗോസ്വാമി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സമർപ്പിച്ച വിവരാവകാശത്തിനുള്ള മറുപടി തിങ്കളാഴ്ചയാണ് സർക്കാർ നൽകിയത്.