മോദി സ്തുതി: ശശി തരൂരിന് പരോക്ഷ വിമർശനവുമായി മാണിക്യം ടാഗോർ എംപി. സ്വതന്ത്രമായി പറക്കുമ്പോൾ ആകാശം നിരീക്ഷിക്കണമെന്നും മുന്നറിയിപ്പ് . ബിജെപിയിലേക്ക് ഇല്ലെന്ന് ആവർത്തിച്ച് തരൂർ .

 
WWWWW

മോദി സ്തുതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ ശശി തരൂര്‍ എംപിക്ക് പരോക്ഷ മുന്നറിയിപ്പുമായി കോണ്‍ഗ്രസ് എംപി മാണിക്യം ടാഗോര്‍. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു മാണിക്യം ടാഗോറിന്റെ വിമര്‍ശനം. പക്ഷികള്‍ക്ക് പറക്കാന്‍ അനുമതി ആവശ്യമില്ലെന്നും സ്വതന്ത്രമായി പറക്കുമ്പോള്‍ ആകാശം നിരീക്ഷിക്കണമെന്നും മാണിക്യം ടാഗോര്‍ പറഞ്ഞു.പരുന്തുകളും കഴുകന്മാരും വേട്ടയാടല്‍ തുടര്‍ന്നുകൊണ്ടിരിക്കും. വേട്ടക്കാര്‍ ദേശസ്‌നേഹം തൂവലുകളായി ധരിക്കുമ്പോള്‍ സ്വാതന്ത്ര്യം സൗജന്യമായിരിക്കില്ല', മാണിക്യം ടാഗോര്‍ എക്‌സില്‍ കുറിച്ചു.

ഇരപിടിക്കുന്ന പക്ഷികളുടെ ചിത്രങ്ങളും മാണിക്യം ടാഗോര്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തുന്ന നിലപാടായിരുന്നു ശശി തരൂര്‍ സ്വീകരിച്ചുവരുന്നത്. ഇതിനെതിരെ പരോക്ഷ വിമര്‍ശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖര്‍ഗെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന് രാജ്യം ഒന്നാമതും പാര്‍ട്ടി അതിന് ശേഷവും എന്നനിലപാടാണ് ഉള്ളതെന്നും എന്നാല്‍ ചിലര്‍ക്ക് മോദിയാണ് ഒന്നാമത്, രാജ്യം അതിന് ശേഷം എന്ന നിലപാടാണുള്ളതെന്നുമായിരുന്നു മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞത്.തൊട്ടുപിന്നാലെ ഖര്‍ഗെയുടെ പരാമര്‍ശത്തിന് പ്രതീകാത്മക മറുപടിയുമായി ശശി തരൂരും രംഗത്തെത്തി.

എക്‌സിലൂടെയായിരുന്നു തരൂരിന്റെ പ്രതികരണം. പറക്കാന്‍ അനുമതി ചോദിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ശശി തരൂര്‍ പറഞ്ഞത്. ചിറകുകള്‍ നിന്റേതാണെന്നും ആകാശം ആരുടേതുമല്ലെന്നും പറക്കാന്‍ തയ്യാറായി ഇരിക്കുന്ന ഒരു പക്ഷിയുടെ ചിത്രം പങ്കുവെച്ച് തരൂർ കുറിച്ചിരുന്നു. ഇത് വ്യാപക ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.ഇതിനിടെ ശശി തരൂര്‍ ബിജെപിയിലേക്കെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ ബിജെപിയിലേക്കില്ലെന്നായിരുന്നു ശശി തരൂര്‍ പ്രതികരിച്ചത്. തന്റെ ലേഖനത്തെ ബിജെപിയിലേക്കുള്ള ചാട്ടമായി ചിലര്‍ വ്യാഖ്യാനിക്കുന്നുവെന്നും അതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നുമായിരുന്നു തരൂര്‍ പറഞ്ഞത്.

Tags

Share this story

From Around the Web