സോഷ്യൽ മീഡിയയിലൂടെ ക്രിസ്തീയ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ച് ലോകത്തിലെ ഏറ്റവും ഉയർന്ന ഐക്യു ഉള്ള മനുഷ്യൻ

ലോകത്തിലെ ഏറ്റവും ഉയർന്ന ഐക്യു ഉള്ള മനുഷ്യനായി അറിയപ്പെടുന്ന ദക്ഷിണ കൊറിയൻ ശാസ്ത്രജ്ഞനായ യങ്‌ഹൂൺ കിം സോഷ്യൽ മീഡിയയിൽ തന്റെ ക്രിസ്തുവിശ്വാസം പരസ്യമായി പ്രഖ്യാപിച്ചു. ജൂൺ 17 ന് അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തത് ഇപ്രകാരമാണ്: “ലോകത്തിലെ ഏറ്റവും ഉയർന്ന ഐക്യു റെക്കോർഡ് ഉടമ എന്ന നിലയിൽ, യേശുക്രിസ്തു ദൈവവും വഴിയും സത്യവും ജീവനുമാണെന്ന് ഞാൻ വിശ്വസിക്കുന്നു.”
അദ്ദേഹത്തിന്റെ ഈ പോസ്റ്റ് ആഗോള തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ജൂൺ 19 വ്യാഴാഴ്ച വരെ അദ്ദേഹത്തിന്റെ പോസ്റ്റ് കണ്ടത് 14 ദശലക്ഷം ആളുകളാണ്. കാൽ ദശലക്ഷം ലൈക്കുകളും ഈ പോസ്റ്റിന് ലഭിച്ചു. യങ്‌ഹൂൺ കിം, ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന ഐക്യു 276 ആണെന്ന് അവകാശപ്പെടുന്നു. ഗിഗാ സൊസൈറ്റി, മെൻസ, വേൾഡ് മെമ്മറി ചാമ്പ്യൻഷിപ്പുകൾ, വേൾഡ് മെമ്മറി സ്പോർട്സ് കൗൺസിൽ (ഗിന്നസ് വേൾഡ് റെക്കോർഡുമായി സഹകരിച്ച്), ഔദ്യോഗിക ലോക റെക്കോർഡ് തുടങ്ങിയ സംഘടനകൾ ലോകത്തിലെ ഏറ്റവും ഉയർന്ന ഐക്യു റെക്കോർഡ് ഉടമയെന്ന കിമ്മിന്റെ അവകാശവാദം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
തന്റെ ഒറിജിനൽ പോസ്റ്റിന്റെ വമ്പിച്ച ജനപ്രീതിയോട് പ്രതികരിച്ചുകൊണ്ട്, ജൂൺ 19-ന് എക്‌സിൽ പങ്കുവച്ച മറ്റൊരു പോസ്റ്റിൽ, “ഈ അവസരം ഉപയോഗിച്ച് നിരവധി ആത്മാക്കളെ ദൈവത്തിലേക്ക് നയിക്കും”- കിം പറഞ്ഞു.
“ആമേൻ. ക്രിസ്തു എന്റെ യുക്തിയാണ്,”തന്റെ പോസ്റ്റിന് കമന്റിട്ട ആൾക്ക് നൽകിയ മറുപടിയിൽ 36 വയസ്സുള്ള കിം പറഞ്ഞു.
കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തിൽ (നമ്പർ 36) പറഞ്ഞിരിക്കുന്നതുപോലെ, യുക്തിയിലൂടെ മാത്രമേ ദൈവത്തിന്റെ അസ്തിത്വം അറിയാൻ കഴിയൂ എന്ന് സഭ പഠിപ്പിക്കുന്നു: “എല്ലാറ്റിന്റെയും ആദ്യ തത്വവും അവസാന ലക്ഷ്യവുമായ ദൈവത്തെ, സൃഷ്ടിക്കപ്പെട്ട ലോകത്തിൽ നിന്ന് മനുഷ്യ യുക്തിയുടെ സ്വാഭാവിക വെളിച്ചത്താൽ ഉറപ്പോടെ അറിയാൻ കഴിയും.”
യുണൈറ്റഡ് സിഗ്മ ഇന്റലിജൻസ് അസോസിയേഷൻ സ്ഥാപിച്ച കിം, AI പോലുള്ള സാങ്കേതികവിദ്യകളിൽ നിന്നുള്ള മനുഷ്യന്റെ അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനൊപ്പം ശാസ്ത്രീയ പുരോഗതി പ്രോത്സാഹിപ്പിക്കുന്ന ലൈഫ് ബോട്ട് ഫൗണ്ടേഷന്റെ ബോർഡിലും അംഗമാണ്.