പുരുഷ സുഹൃത്തുക്കൾ കാണാൻ വന്നത് ഇഷ്ടപ്പെട്ടില്ല, ഭാര്യ ഷബീനക്കെതിരെ പള്ളിയിൽ പരാതി നൽകി ഭർത്താവ്, യുവതിയ്ക്ക് ക്രൂരമർദനം

ബംഗളൂരു: ഭർത്താവ് പള്ളിയിൽ നൽകിയ പരാതിയെ തുടർന്ന് ഭാര്യയെ ആൾക്കൂട്ടം ആക്രമിച്ചു. കുടുംബ വഴക്കിന് പിന്നാലെയാണ് ഭർത്താവ് 38കാരിക്കെതിരെ പരാതി നൽകിയത്. ബംഗളൂരുവിൽ കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്.
ഇത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. ഷബീന ബാനു എന്ന യുവതിക്കാണ് ക്രൂരമർദനമേറ്റത്. ഭാര്യയ്‌ക്കെതിരെ ജമീൽ അഹമ്മദാണ് പള്ളിയിൽ പരാതി നൽകിയത്.
ഏപ്രിൽ ഏഴിനാണ് ഷബീന ബാനുവിനെ കാണാൻ ബന്ധുവായ നസീറും ഫയാസും വീട്ടിലെത്തിയത്. എന്നാൽ ഈ യുവാക്കൾ വീട്ടിൽ വന്നത് ഷബീനയുടെ ഭർത്താവിന് ഇഷ്ടപ്പെട്ടില്ല.
തുടർന്ന് ഇയാൾ ബംഗളൂരുവിലെ തവരെകെരെയിലുള്ള ജുമ മസ്ജിദിലെത്തി ഭാര്യയ്ക്കും യുവാക്കൾക്കുമെതിരെ പരാതി നൽകുകയായിരുന്നു. പിന്നാലെ ഏപ്രിൽ ഒമ്പതിന് മൂന്നുപേരെയും പള്ളിയിൽ നിന്ന് വിളിപ്പിച്ചു. ഷബീന പള്ളിയിൽ എത്തിയപ്പോൾ ആദ്യം ആറുപുരുഷന്മാർ ചേർന്ന് യുവതിയെ ക്രൂരമായി മർദിച്ചു. ആക്രമണത്തിൽ ഷബീനയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പൊലീസ് കേസെടുത്തു. യുവതിയെ മർദിച്ച ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തെന്നാണ് വിവരം.
മുഹമ്മദ് നിയാസ് (32), മുഹമ്മദ് ഗൗസ്പീർ (45), ദസ്തഗിർ (24), ചാന്ദ് ബാഷ (35), ടി ആർ റസൂൽ (42), ഇനായത്ത് ഉല്ലാ (51) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചന, ആക്രമണം, കൊലപാതക ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.