ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് മമത, ബംഗാളിൽ രാഷ്ട്രീയപ്പോര് മുറുകുന്നു

 
mamta

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ ഭാരതീയ ജനതാ പാർട്ടിക്കെതിരെ ദേശീയതലത്തിൽ പ്രതിപക്ഷ ചേരി രൂപീകരിക്കാൻ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ആഹ്വാനം ചെയ്തു. സംസ്ഥാനത്ത് ബിജെപി 'ഭീകരവാഴ്ച' നടത്തുകയാണെന്ന് ആരോപിച്ച മമത, നിയമപോരാട്ടത്തിനും രാഷ്ട്രീയ ചെറുത്തുനിൽപ്പിനും ഒരുങ്ങാൻ അണികളോട് ആവശ്യപ്പെട്ടു.

ബംഗാളിലെ എല്ലാ പ്രതിപക്ഷ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും എൻജിഒകളും ബിജെപിക്കെതിരെ ഒന്നിക്കണമെന്ന് മമത ആവശ്യപ്പെട്ടു. "നമ്മുടെ ഒന്നാമത്തെ ശത്രു ബിജെപിയാണ്. ഡൽഹിയിലും ബംഗാളിലും ഇടതുപക്ഷവും തീവ്ര ഇടതുപക്ഷവും ഞങ്ങളോടൊപ്പം ചേരണം. ബിജെപി വിരുദ്ധ കക്ഷികളുടെ ഒരു സംയുക്ത വേദി അനിവാര്യമാണ്," മമത കൊൽക്കത്തയിൽ പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ടിഎംസി തീരുമാനം. പിൽ സിബൽ, അഭിഷേക് മനു സിംഗ്വി, പ്രശാന്ത് ഭൂഷൺ, മേനക ഗുരുസ്വാമി എന്നിവർ താനുമായി സംസാരിച്ചതായും പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്നും മമത വ്യക്തമാക്കി.

താനൊരു അഭിഭാഷകയാണെന്ന കാര്യം ഓർമ്മിപ്പിച്ച മമത, കല്യാൺ ബാനർജിയെപ്പോലുള്ള നിയമവിദഗ്ധർ പാർട്ടിയിലുണ്ടെന്നും നിയമപരമായി എങ്ങനെ പോരാടണമെന്ന് തനിക്കറിയാമെന്നും കൂട്ടിച്ചേർത്തു. ദേശീയ തലത്തിൽ സഖ്യം രൂപീകരിക്കുന്നതിന്റെ ഭാഗമായി സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ഉദ്ധവ് താക്കറെ, തേജസ്വി യാദവ്, ഹേമന്ത് സോറൻ, അരവിന്ദ് കെജ്‌രിവാൾ എന്നിവരുമായി മമത ആശയവിനിമയം നടത്തി. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് നേരിട്ടെത്തി മമതയ്ക്ക് പിന്തുണ അറിയിച്ചു.

294 സീറ്റുകളിൽ 207 സീറ്റുകൾ നേടി ബിജെപി വൻ വിജയം ഉറപ്പിച്ചിട്ടും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ മമത തയ്യാറായിട്ടില്ല. വോട്ടെണ്ണലിൽ കേന്ദ്രസേനയും തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്ന് ക്രമക്കേട് നടത്തിയെന്നാണ് ടിഎംസിയുടെ ആരോപണം. തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലെ ബയോ "പതിനഞ്ചും പതിനാറും പതിനേഴും നിയമസഭകളിലെ മുഖ്യമന്ത്രി" എന്ന് മാറ്റിക്കൊണ്ട് താൻ ഇപ്പോഴും പോരാട്ടത്തിലാണെന്ന സൂചനയാണ് മമത നൽകുന്നത്. 80 സീറ്റുകളാണ് ഇത്തവണ ടിഎംസിക്ക് ലഭിച്ചത്.

Tags

Share this story

From Around the Web