സംസ്‌കൃത സിനിമയുമായി ഓസ്‌ട്രേലിയയിലെ മലയാളി വൈദികൻ; ഏകാകിക്ക് രാജ്യാന്തര പുരസ്‌കാരത്തിളക്കം

 
222

കാൻബെറ: സംസ്‌കൃത ഭാഷയിൽ സിനിമ സംവിധാനം ചെയ്യുന്ന ആദ്യ വൈദികനെന്ന അപൂർവ്വ നേട്ടം സ്വന്തമാക്കി ഓസ്‌ട്രേലിയയിലെ മലയാളി വൈദികൻ ഫാ. ഡോ. ജോൺ പുതുവ. അദേഹം നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച ‘ഏകാകി’ എന്ന ചിത്രം ട്രാവൻകൂർ ഇന്റർനാഷണൽ ഫിലിം അവാർഡിൽ ‘ബെസ്റ്റ് ഇന്ത്യൻ ഫീച്ചർ ഫിലിം’ പുരസ്‌കാരം സ്വന്തമാക്കി. ഒരു വൈദികന്റെ സിനിമാ പ്രവേശനം എന്നതിലുപരി സംസ്‌കൃത സിനിമയുടെ നവീനമായ അവതരണത്തിലൂടെ അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടുകയാണ് ഈ ചിത്രം.

ഇന്ത്യയിൽ ഒരേയൊരു കഥാപാത്രം മാത്രം അഭിനയിക്കുന്ന ആദ്യ സംസ്‌കൃത സിനിമ എന്ന പ്രത്യേകതയും ‘ഏകാകി’ക്കുണ്ട്. നാടകത്തിനും ബാലേക്കുമായി ജീവിതം ഉഴിഞ്ഞുവെച്ച കലാകാരൻ തിരുനാരായണപുരം വാസുദേവന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം. ഒരു കലാകാരൻ നേരിടേണ്ടി വരുന്ന ഒറ്റപ്പെടലും അതിജീവനത്തിനായുള്ള പോരാട്ടവും ഹൃദയസ്പർശിയായി ചിത്രം ആവിഷ്‌കരിക്കുന്നു. ഫിലിം ക്രിട്ടിക്‌സ് അവാർഡ് ഉൾപ്പെടെ ഇതിനോടകം നിരവധി പുരസ്‌കാരങ്ങൾ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.

പുതുവ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും പ്രസാദ് പാറപ്പുറത്തിന്റേതാണ്. അയ്യമ്പുഴ ഹരികുമാർ സംഭാഷണങ്ങൾ സംസ്‌കൃതത്തിലേക്ക് മൊഴിമാറ്റം നടത്തി. സംസ്‌കൃത പഠനത്തിന്റെ കേന്ദ്രമായ കാലടിയിൽ വെച്ചാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. സിനിമാ മാധ്യമത്തിലൂടെ നന്മയുള്ള സന്ദേശങ്ങൾ സമൂഹത്തിൽ എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഫാ. ഡോ. ജോൺ പുതുവ പറഞ്ഞു.

എറണാകുളം ജില്ലയിലെ ചുള്ളി സ്വദേശിയായ ഫാ. പുതുവ നിലവിൽ ഓസ്‌ട്രേലിയയിലെ ഡാർവിൻ സീറോ മലബാർ പള്ളി വികാരിയായി സേവനമനുഷ്ഠിക്കുകയാണ്. നിസ്വാർത്ഥനായ ഒരു വൈദികന്റെ ജീവിതം പ്രമേയമാക്കി തന്റെ അടുത്ത സിനിമയുടെ പണിപ്പുരയിലാണ് അദേഹം ഇപ്പോൾ.

Tags

Share this story

From Around the Web