ഉത്തരകാശിയിലെ മേഘവിസ്‌ഫോടനത്തില്‍പ്പെട്ട് മലയാളികളും? 28 അംഗ സംഘത്തെ ബന്ധപ്പെടാനാകുന്നില്ലെന്ന് കുടുംബം
Aug 6, 2025, 12:23 IST

ഉത്തരാഖണ്ഡിലെ മേഘവിസ്‌ഫോടനമുണ്ടായ ഉത്തരകാശിയില്‍ മലയാളികളും കുടുങ്ങിക്കിടക്കുന്നതായി സൂചന. വിനോദയാത്ര പോയ മലയാളി സംഘത്തെക്കുറിച്ച് വിവരമില്ലെന്ന് കുടുംബം. 28 പേരടങ്ങുന്ന സംഘത്തെ ഫോണില്‍ ബന്ധപ്പെടാനാകുന്നില്ല.
20 പേര്‍ മുംബൈയില്‍ നിന്നുമുള്ള മലയാളികളും എട്ട് പേര്‍ കൊച്ചിയില്‍ നിന്നുള്ളവരുമായിരുന്നെന്നാണ് വിവരം. ഇന്നലെ വരെ ഫോണില്‍ ഇവരുമായി സംസാരിച്ചിരുന്നു. എന്നാല്‍ അപകടം നടന്നതിന് ശേഷം ഇവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നാണ് കുടുംബങ്ങള്‍ ഉന്നയിക്കുന്ന പരാതി.
കഴിഞ്ഞ ദിവസമാണ് ഉത്തരകാശിയിലെ ധരാലിയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഉരുള്‍പൊട്ടിയത്. കുന്നിന്മേലെ നിന്ന് മലവെള്ളം ശക്തിയായി താഴ്‌വാരത്തേക്ക് വന്നു പതിക്കുകയായിരുന്നു. ദുരന്തത്തില്‍ വീടുകളടക്കം ഒലിച്ചു പോയി. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇതുവരെ അഞ്ച് പേരുടെ മൃതദേഹമാണ് കണ്ടെത്താനായത്.