'മലയാളം വാനോളം, ലാല്‍സലാം', മഹാനടന് ഇന്ന് കേരളത്തിന്റെ ആദരം, തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: സിനിമ മേഖലയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്ന ചടങ്ങ് ഇന്ന്.
വൈകുന്നേരം അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കന്ന 'മലയാളം വാനോളം, ലാല്‍സലാം' എന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാരിന് വേണ്ടി മോഹന്‍ലാലിനെ ആദരിക്കും. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ അതിഥികളായി എത്തും. ചടങ്ങില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകും.
തൊഴില്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനാകുന്ന ഉദ്ഘാടച്ചടങ്ങില്‍ സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍, ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, ഭക്ഷ്യ - പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എ എ റഹീം, ജോണ്‍ ബ്രിട്ടാസ് എംപി, ആന്റണി രാജു എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ജോഷി, ഉര്‍വ്വശി, മീന, മീര ജാസ്മിന്‍, രഞ്ജിനി, കെ. മധു (ചെയര്‍പേഴ്‌സന്‍, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍), പ്രേംകുമാര്‍ (ചെയര്‍പേഴ്‌സന്‍, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി), കെ. മധുപാല്‍ (ചെയര്‍പേഴ്‌സന്‍, കേരള സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ്), പ്രിയദര്‍ശനന്‍ പി.എസ്. (മാനേജിങ് ഡയറക്ടര്‍, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍), സി. അജോയ് (സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി) തുടങ്ങിയവര്‍ പങ്കെടുക്കും.
വെകുന്നേരം 05.00 മണിയ്ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയോട് അനുബന്ധിച്ച് ഉച്ചയ്ക്ക് 03:00 മണി മുതല്‍ നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. നഗത്തിലെ ജേക്കബ്‌സ് ജംഗ്ക്ഷന്‍, ഊറ്റുകുഴി, ഗവണ്‍മന്റ് പ്രസ് ജംഗ്ക്ഷന്‍, എന്നീ സ്ഥലങ്ങളില്‍ നിന്നും സെന്‍ട്രല്‍ സ്റ്റേഡിയം ഭാഗത്തേയ്ക്ക് വാഹനഗതാഗതം അനുവദിക്കുന്നതല്ല.