ഭയത്തിന് അടിമപ്പെട്ട മലയാള 'പത്രമുത്തശ്ശിമാർ', ധീരമായി സത്യം വിളിച്ചു പറഞ്ഞുകൊണ്ട് കാലഗതി പ്രാപിക്കുന്നതല്ലേ ഭീരുത്വം നിറഞ്ഞ ഈ കീഴടങ്ങലിനേക്കാൾ മഹത്തരം? മാത്യു ചെമ്പുകണ്ടത്തിൽ
 

 
2222

ഭയത്തിന് അടിമപ്പെട്ട മലയാള 'പത്രമുത്തശ്ശിമാർ'

ഇനിയെത്ര കാലംകൂടി അച്ചടി മാധ്യമങ്ങൾ നിലനിൽക്കും? ലോകമെമ്പാടുമുള്ള വായനക്കാർ ഒരുപോലെ ചോദിക്കുന്ന ഒരു ചോദ്യമാണിത്. ഓൺലൈൻ മാധ്യമങ്ങളുടെ വ്യാപനവും സാമൂഹിക മാധ്യമങ്ങളുടെ സർവ്വാധിപത്യവും അച്ചടി മാധ്യമങ്ങളുടെ പ്രസക്തി ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു.

പുലർച്ചെ പത്രം കൈയിലെടുത്തു വായിക്കുന്നതിനേക്കാൾ സൗകര്യപ്രദമായി മൊബൈൽ ഫോണിൽ വാർത്തകൾ അറിയുന്നവരുടെ എണ്ണം അതിവേഗം ഉയരുന്നു.

വായനക്കാർ കുറയുന്നതിനാൽ സമീപഭാവിയിൽ തന്നെ അച്ചടി മാധ്യമങ്ങളെല്ലാം വിസ്മൃതിയിലാകുമെന്നാണ് പൊതുവെ കണക്കാക്കുന്നത്. എങ്കിലും, അന്ത്യശ്വാസം വലിക്കുമ്പോഴും ഭയരഹിതമായി സത്യം വിളിച്ചു പറഞ്ഞു എന്ന ചാരിതാർത്ഥ്യത്തോടെ ആയിരിക്കും ലോക മാധ്യമങ്ങൾ പലതും ചരിത്രവിസ്മൃതിയിൽ മറയുവാൻ പോകുന്നത്.

മലയാള അച്ചടി മാധ്യമങ്ങളും അനിവാര്യമായ അന്ത്യത്തിലേക്കു നീങ്ങുകയാണ്. വായനക്കാരുടെ എണ്ണം കുത്തനെ താഴുന്നു, പലരും പത്രം ഉപേക്ഷിക്കുന്നു. എന്നാൽ വീരോജ്വലമായ ഒരു പര്യവസാനമായിരിക്കില്ല പത്രമുത്തശ്ശിമാർ പലർക്കും ഉണ്ടാകാൻ പോകുന്നതെന്നാണ് നിലവിലെ അവരുടെ നിലപാടുകൾ വിളിച്ചുപറയുന്നത്.

കേരളത്തിലെ പത്രമുത്തശ്ശിമാർ വാർദ്ധക്യമായതോടെ ഭയത്തിന് അടിമപ്പെട്ടിരിക്കുന്നു. ധൈര്യപൂർവം സത്യം വിളിച്ചു പറയുകയും വാർത്തകൾ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതിനു പകരം, മതപ്രീണനത്തിലൂടെ തങ്ങളുടെ ആയുസ്സ് നീട്ടിക്കിട്ടുമോ എന്ന പരീക്ഷണമാണ് അവർ നടത്തുന്നത്. തത്ഫലമായി അവരുടെ പേജുകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന മാറ്റങ്ങളാണ്.

നിലനിൽപ്പിനായുള്ള നെട്ടോട്ടത്തിനിടയിൽ ധീരോജ്വലവും സത്യസന്ധവുമായ പത്രധർമ്മം അവർ മറക്കുന്നു. ചില സുപ്രധാന വാർത്തകളെ അവർ തമസ്കരിക്കുന്നു, ചിലതൊക്കെ കണ്ടില്ലെന്നു നടിക്കുന്നു. പ്രത്യേക താൽപര്യങ്ങൾക്കായി പല വാർത്തകളും വളച്ചൊടിക്കുന്നു, ചില മതവിഭാഗങ്ങളെ പ്രീണിപ്പിക്കാനായി ചില വാർത്തകൾക്ക് അമിത പ്രാധാന്യം നൽകുന്നു...

ഒരു കാലത്ത് സിംഹഗർജ്ജനം നടത്തിയിരുന്ന മലയാള മാധ്യമങ്ങൾക്ക് ഇന്ന് ശബ്ദം നഷ്ടപ്പെട്ടിരിക്കുന്നു. നിലനിൽപ്പിനായി നിഷ്പക്ഷതയും ധീരതയും സത്യസന്ധതയും അവർ ബലികഴിക്കുകയാണ്.

അൽപകാലം കൂടി നിങ്ങൾക്ക് ആയുസ്സ് നീട്ടിക്കിട്ടിയേക്കാം, പക്ഷെ വിശ്വാസ്യത നഷ്ടപ്പെട്ട ഒരു മാധ്യമത്തിന് ചരിത്രത്തിൽ ഇടമുണ്ടാകില്ല എന്നോർക്കുക.

അന്ത്യം അനിവാര്യമാണെന്നു മനസ്സിലാക്കുക, ധീരമായി സത്യം വിളിച്ചു പറഞ്ഞുകൊണ്ട് കാലഗതി പ്രാപിക്കുന്നതല്ലേ ഭീരുത്വം നിറഞ്ഞ ഈ കീഴടങ്ങലിനേക്കാൾ മഹത്തരം?

Tags

Share this story

From Around the Web