മലങ്കര കത്തോലിക്ക സഭയുടെ 95-ാമത് പുനരൈക്യ വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും
Sep 16, 2025, 12:03 IST

പത്തനംതിട്ട: മലങ്കര കത്തോലിക്ക സഭയുടെ 95-ാമത് പുനരൈക്യ വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. പത്തനംതിട്ട രൂപതയുടെ ആതിഥേയത്വത്തിൽ അടൂർ ഓൾ സെയിൻ്റ്സ് പബ്ലിക് സ്കൂളിലാണ് പുനരൈക്യ വാർഷികാഘോഷം.
സമ്മേളന നഗറിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പതാക ഉയർത്തും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, അടൂർ നഗരസഭാധ്യക്ഷൻ കെ. മഹേഷ്കുമാർ എന്നിവർ പ്രസംഗിക്കും.
നാളെ വൈകുന്നേരം അഞ്ചിന് ബൈബിൾ കൺവൻഷൻ ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്യും. വേറ്റിനാട് കാർമൽ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡാനിയേൽ പൂവണ്ണത്തിൽ വചനശുശ്രൂഷ നിർവഹിക്കും.
18, 19 തീയതികളിലും വൈകുന്നേരം വചനശുശ്രൂഷ തുടരും. 19ന് ഉച്ചകഴിഞ്ഞ് ഭക്ത സംഘടന സമ്മേളനങ്ങൾ. വൈകുന്നേരം 5.30ന് നിഖ്യാ സുന്നഹദോസിന്റെ 1700-ാം വാർഷികവും നടക്കും. 20നാണ് സഭാസംഗമവും പുനരൈക്യ വാർഷിക സമ്മേളനവും നടക്കുന്നത്.