സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജൂബിലി തീർത്ഥാടനം നയിച്ച് സീറോ മലബാര്‍ സഭ മേജർ ആര്‍ച്ച് ബിഷപ്പ്
റോം: യൂറോപ്പിലെ സീറോമലബാർ അപ്പോസ്തോലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീർത്ഥാടനത്തിന് നേതൃത്വം നൽകി. സീറോമലബാർ മെത്രാൻ സിനഡിന്റെ സെക്രട്ടറി ആർച്ച്‌ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, യൂറോപ്പിലെ സീറോമലബാർ വിശ്വാസികൾക്കായുള്ള അപ്പോസ്തോലിക് വിസിസ്റ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവരും വൈദികരും സമർപ്പിതരും നൂറുകണക്കിന് വിശ്വാസികളും ഈ തീർത്ഥാടനത്തിൽ മേജർ ആർച്ചുബിഷപ്പിനെ അനുഗമിച്ചു.
സാർവത്രികസഭയോടും പ്രത്യേകിച്ച്, വിശുദ്ധ പത്രോസിന്റെ സിംഹാസനത്തോടുമുള്ള സഭാത്മക ഐക്യത്തിന്റെ പ്രകാശനമായിരുന്നു ഈ തീർത്ഥാടനം. പ്രാര്‍ത്ഥനയോട് കൂടി മേജർ ആർച്ച്‌ബിഷപ്പ് മാർ റാഫേൽ തട്ടിൽ, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ വിശുദ്ധ കവാടത്തിലൂടെ പ്രവേശിച്ചു തന്റെ അജപാലന ശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന സീറോമലബാർ വിശ്വാസികൾക്കായി ദൈവത്തിന്റെ സമൃദ്ധമായ കരുണയും കൃപയും അപേക്ഷിച്ചു. ആത്മീയ നവീകരണത്തിന്റെയും പ്രത്യാശയുടെയും പ്രതീകമായ ഈ തീർത്ഥാടനം, ജൂബിലി വർഷത്തിലെ ഒരു അവിസ്മരണീയ നിമിഷമായി മാറി.
തീർത്ഥാടനത്തെ തുടർന്ന്, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ മേജർ ആർച്ചുബിഷപ്പ് പരിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി. ആർച്ച്‌ബിഷപ്പ് ജോസഫ് പാംപ്ലാനി, ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ സഹ കാർമ്മികത്വം വഹിച്ചു. വിശുദ്ധ കുർബാനയർപ്പണം സീറോമലബാർ സഭയുടെ സമ്പന്നമായ ആരാധനാക്രമ -ആത്മീയ പാരമ്പര്യത്തിന്റെ ശക്തമായ സാക്ഷ്യമായി മാറി. നന്ദിയുടെയും ആരാധനയുടെയും സുവിശേഷ ദൗത്യത്തോടുള്ള പ്രതിബദ്ധതയുടെയും അരൂപിയിൽ വിശ്വാസികളെ ഒരുമിപ്പിച്ച ഒരു മഹത്തായ അനുഭവമായിരുന്നു വത്തിക്കാനിൽ നടന്ന ജൂബിലി തീർത്ഥാടനമെന്ന് സഭ പ്രത്യാശ പ്രകടിപ്പിച്ചു.