സമാധാനത്തിനുള്ള നൊബേൽ ട്രംപിന് സമ്മാനിച്ച് മച്ചാഡോ; നിലനിൽക്കില്ലെന്ന് അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട്
വാഷിംഗ്‌ടൺ: സമാധാനത്തിന് തനിക്ക് ലഭിച്ച നൊബേൽ പുരസ്‌കാരം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമ്മാനിച്ച് വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ മച്ചാഡോ. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് മച്ചാഡോ നൊബേൽ യുഎസ് പ്രസിഡന്റിന് സമ്മാനിച്ചത്.
പുരസ്കാരം ഇപ്പോൾ ട്രംപിന്റെ കൈവശമാണെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിക്കുകയും ചെയ്തു. വെനിസ്വേലയിലെ ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാണ് 2025ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം മച്ചാഡോക്ക് ലഭിച്ചത്.
കഴിഞ്ഞ മാസം വെനിസ്വേലയിൽ ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യയെയും യുഎസ് സൈന്യം അനധികൃതമായി തടവിലാക്കിയിരുന്നു. ഇതിന് പിന്നാലെ മച്ചാഡോയെ അമേരിക്ക ഭരണം ഏൽപിക്കുമെന്ന വാർത്തയും പുറത്തുവന്നിരുന്നു.
എന്നാൽ അവർക്ക് രാജ്യത്ത് പിന്തുണയിലെന്ന് ചൂണ്ടിക്കാട്ടി ട്രംപ് അത്തരം നീക്കങ്ങൾ തള്ളി. ഈ പശ്ചാത്തലത്തിലാണ് വൈറ്റ് ഹൗസിലെത്തി തന്റെ നൊബേൽ മച്ചാഡോ ട്രംപിന് സമ്മാനിച്ചത്.
വൈറ്റ് ഹൗസിലെത്തിയ മച്ചാഡോ യുഎസ് പ്രസിഡന്റുമായി ഒരു മണിക്കൂറിലധികം അടച്ചിട്ട മുറിയിൽ ചർച്ച നടത്തി. സമാധാനത്തിനുള്ള നൊബേൽ ട്രംപ് പരസ്യമായി ആഗ്രഹിക്കുകയും ലഭിക്കാത്തതിൽ നിരാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.