അറബിക്കടലിൽ ന്യൂനമർദം, സംസ്ഥാനത്ത് പരക്കെ മഴ, 9 ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ശക്തമായ ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പരക്കെ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തെക്കൻ-മധ്യ കേരളത്തിലും വടക്കൻ മലബാറിലുമാണ് മഴ ശക്തമാകാൻ സാധ്യത.
യെല്ലോ അലേർട്ട് പ്രഖ്യാപിച്ച ജില്ലകൾ:
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട്.
മഴയ്‌ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്കേർപ്പെടുത്തി. ജനങ്ങൾ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന തിരമാലകൾക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഇന്ന് രാവിലെ 08.30 മുതൽ മെയ് 20 ഒന്നിന് ഉച്ചയ്ക്ക് 02.30 വരെയാണ് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളത്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു