തദ്ദേശപ്പോര്; ഏഴ് ജില്ലകൾ പോളിങ് ബൂത്തിൽ, വിവിധ ബൂത്തുകളിൽ നീണ്ടനിര
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനൽ പോരാട്ടമായ തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടം ആരംഭിച്ചു. തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിലാണ് രാവിലെ ഏഴുമണി മുതൽ വിധിയെഴുത്ത് ആരംഭിച്ചത്.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ്. രണ്ടാം ഘട്ടത്തിൽ ആകെ 18274 പോളിങ് സ്റ്റേഷനുകളാണുള്ളത്.
രാവിലെ 7 മുതൽ വൈകിട്ട് ആറുവരെ വോട്ട് ചെയ്യാം. വോട്ടിങ് സമയം അവസാനിക്കുമ്പോൾ വരിയിലുള്ള എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കും. കഴിഞ്ഞ ദിവസം വോട്ടിങ് യന്ത്രം തകരാറിലായ ആലപ്പുഴ മണ്ണഞ്ചേരി ഗവ. ഹൈസ്കൂൾ ബൂത്തിലെ റീപോളിങ് ഇന്നാണ്. ശനിയാഴ്ച തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും.
ഏഴ് ജില്ലകളിലാകെ 15337176 വോട്ടർമാരാണ് പട്ടികയിലുള്ളത് (പുരുഷൻമാർ - 7246269, സ്ത്രീകൾ - 8090746, ട്രാൻസ്ജെൻഡർ - 161). 3293 പ്രവാസി വോട്ടർമാരും വോട്ടർ പട്ടികയിലുണ്ട്. ആകെ 38994 സ്ഥാനാർഥികളാണ് (18974 പുരുഷന്മാരും, 20020 സ്ത്രീകളും) ജനവിധി തേടുന്നത്. ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്ക് 28274 ഉം, ബ്ലോക്ക് പഞ്ചായത്തിലേക്ക് 3742 സ്ഥാനാർഥികളും, ജില്ലാ പഞ്ചായത്തിലേക്ക് 681 സ്ഥാനാർഥികളും, മുനിസിപ്പാലിറ്റികളിലേയ്ക്ക് 5546 സ്ഥാനാർഥികളും, കോർപറേഷനുകളിലേയ്ക്ക് 751 സ്ഥാനാർഥികളുമാണ് മത്സരരംഗത്തുള്ളത്.
സംസ്ഥാനത്തെ 604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് , 470, ബ്ലോക്ക് പഞ്ചായത്ത് - 77, ജില്ലാ പഞ്ചായത്ത് - 7, മുനിസിപ്പാലിറ്റി - 47, കോർപറേഷൻ - 3) 12391 വാർഡുകളിലേയ്ക്കാണ് (ഗ്രാമ പഞ്ചായത്ത് വാർഡ് - 9015, ബ്ലോക്ക് പഞ്ചായത്ത് വാർഡ് - 1177, ജില്ലാ പഞ്ചായത്ത് വാർഡ് - 182, മുനിസിപ്പാലിറ്റി വാർഡ് - 1829, കോർപറേഷൻ വാർഡ് - 188) (ഡിസംബർ 11) എന്നിവടങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.