തദ്ദേശ തെരഞ്ഞെടുപ്പ്; കേരളത്തിൽ വിജയസാധ്യതയുള്ളിടങ്ങളിൽ പണമൊഴുക്കാൻ ബിജെപി,  ജയ സാധ്യതയുള്ള കോർപ്പറേഷൻ വാർഡുകളിൽ 10 മുതൽ 20 ലക്ഷം വരെ ചിലവഴിക്കാനാണ് നീക്കം
 

 
 bjp candidate

തിരുവന്തപുരം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയ സാധ്യതയുള്ളിടത്ത് പണമൊഴുക്കാൻ ഒരുങ്ങി ബിജെപി. ജയ സാധ്യതയുള്ള കോർപ്പറേഷൻ വാർഡുകളിൽ 10 മുതൽ 20 ലക്ഷം വരെ ചിലവഴിക്കാനാണ് നീക്കം.

പഞ്ചായത്ത് വാർഡുകളിൽ മൂന്നു മുതൽ അഞ്ച് ലക്ഷം രൂപ വരെയും ചെലവഴിക്കും. നഗരസഭാ വാർഡുകളിൽ അഞ്ചു മുതൽ 10 ലക്ഷം രൂപ വരെയും ചെലവാക്കും. ഭരണം ലഭിക്കാൻ സാധ്യതയുള്ള പഞ്ചായത്തുകളിൽ 10 ലക്ഷം രൂപ അധികമായി നൽകാനും തീരുമാനമുണ്ട്. പതിനായിരം വാർഡുകളിൽ വിജയിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ അവകാശവാദം.

25 നഗരസഭകളിൽ ഭരണം ഉറപ്പാണെന്നും 400 ഗ്രാമപഞ്ചായത്തുകൾ പിടിച്ചെടുക്കുമെന്നും ദേശീയ നേതൃത്വത്തിന് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉറപ്പ് നൽകി.

തൃശ്ശൂർ കോർപ്പറേഷനും തിരുവനന്തപുരം കോർപ്പറേഷനും പിടിച്ചെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖർ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിനായി വേതനം നൽകി ആളുകളെ ചുമതലപ്പെടുത്താനും നീക്കമുണ്ട്. ഓരോ മേഖലയിലും പ്രവർത്തനം ഏകോപിപ്പിക്കുന്നവർക്ക് മുപ്പതിനായിരം രൂപ പ്രതിമാസ ശമ്പളം നൽകും.

സാമൂഹ്യ മാധ്യമങ്ങൾ കൈകാര്യം ചെയ്യാൻ പ്രൊഫഷണൽ ടീമിനെയാണ് രം​ഗത്ത് ഇറക്കുന്നത്. അരലക്ഷം മുതൽ ഒന്നര ലക്ഷം രൂപ ശമ്പളത്തിലാണ് ഇതിനായി ജീവനക്കാരെ സജ്ജീകരിച്ചിരിക്കുന്നത്. 60 അംഗ സോഷ്യൽ മീഡിയ സംഘത്തിനാണ് ദൗത്യത്തിന്റെ പ്രധാന ചുമതല. ഇതിനിടെ സംസ്ഥാന ബിജെപിയിൽ ധൂർത്തെന്ന ആരോപണവും രാജീവ് ചന്ദ്രശേഖർ വിരുദ്ധചേരി ഉയർത്തുന്നുണ്ട്.

സംസ്ഥാന കമ്മിറ്റിയുടെ പ്രതിമാസ ചെലവ് കുത്തനെ കൂടിയെന്നാണ് ആരോപണം. 30 ലക്ഷത്തിൽ നിന്നും ഒന്നരക്കോടിയിലേറെ രൂപയിലേക്കാണ് ചെലവ് ഉയർന്നിരിക്കുന്നത്.

ഒന്നേകാൽ ലക്ഷം രൂപവരെ ശമ്പളം വാങ്ങുന്ന ജീവനക്കാർ ഉണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നേതാക്കളുടെ യാത്രകളും വിമാനത്തിലെന്നും വിമർശനം ഉയർന്നിട്ടുണ്ട്. നേതാക്കന്മാർ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസം പതിവാക്കുന്നതായും ആരോപണം ഉയരുന്നുണ്ട്.

Tags

Share this story

From Around the Web