പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ഡിയോഗോ ജോട്ടയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ലിവര്‍പൂള്‍ ആര്‍ച്ചുബിഷപ്

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ 22 ന് കത്തോലിക്കാ ദൈവാലയത്തില്‍ വെച്ച് റൂട്ട് കാര്‍ഡോസോയെ വിവാഹം കഴിച്ച 28 വയസുള്ള പോര്‍ച്ചുഗീസ് താരം ഡിയോഗോ ജോട്ടയുടെ മരണത്തില്‍ ലിവര്‍പൂള്‍ (ഇംഗ്ലണ്ട്) ആര്‍ച്ചുബിഷപ് ജോണ്‍ ഷെറിംഗ്ടണ്‍ അനുശോചനം രേഖപ്പെടുത്തി.
‘ലിവര്‍പൂള്‍ താരം ഡിയോഗോ ജോട്ടയെക്കുറിച്ചുള്ള ഹൃദയഭേദകമായ വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി, ദുഃഖിതനാണ്. അദ്ദേഹത്തിന്റെ ഭാര്യ, കുട്ടികള്‍, കുടുംബം, സുഹൃത്തുക്കള്‍, മുഴുവന്‍ സമൂഹം എന്നിവരോടൊപ്പമാണ് ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും,’ ലിവര്‍പൂള്‍ ആര്‍ച്ചുബിഷപ് തന്റെ എക്‌സ് അക്കൗണ്ടിലൂടെ കുറിച്ചു.
ലിവര്‍പൂളിന്റെ താരവും പോര്‍ച്ചുഗീസ് ദേശീയ ഫുട്‌ബോള്‍ ടീമുമായ ഡിയോഗോ ജോട്ട സ്‌പെയിനില്‍ ഒരു വാഹനാപകടത്തിലാണ് മരിച്ചത്. വടക്കുപടിഞ്ഞാറന്‍ സ്‌പെയിനിലെ സമോറ നഗരത്തിനടുത്താണ് അപകടം നടന്നത്. ഡിയോഗോ ജോട്ടയുടെ സഹോദരനും പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരനുമായ ആന്‍ഡ്രെ സില്‍വയും മരണമടഞ്ഞു.
മൂന്ന് മക്കളുള്ള ഡിയോഗോ ജോട്ട – റൂട്ട് കാര്‍ഡോസ ദമ്പതികളുടെ വിവാഹം പോര്‍ച്ചുഗലിലെ പോര്‍ട്ടോയിലുള്ള ഔര്‍ ലേഡി ഓഫ് ലാപ ദൈവാലത്തില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്നത്.