മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ ആന്റ് ജൂനിയർ കോളജിൽ സർഗ്ഗോത്സവത്തിന് സമാപനം, രണ്ട് ദിനങ്ങളും പ്രതിഭാ വിളയാട്ടം കൊണ്ട് പ്രശോഭിതം
കങ്ങഴ: വിദ്യാർത്ഥികളുടെ പ്രതിഭാ വിളയാട്ടം കൊണ്ട് പ്രശോഭിതമായ 'സർഗ്ഗോത്സവം - 2026' മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ ആന്റ് ജൂനിയർ കോളജിൽ സമാപിച്ചു.
ഒന്നാം ദിവസം രാവിലെ സ്കൂൾ ഗായകസംഘത്തിന്റെ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ ദീപിക ചിൽഡ്രൻസ് ലീഗ് (ഡി. സി. എൽ.) ഡയറക്ടർ റവ. ഫാ. റോയ് കണ്ണൻചിറ സി.എം.ഐ അധ്യക്ഷത വഹിച്ചു.

കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജി തകടിയേൽ സർഗ്ഗോത്സവ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ റവ. സിസ്റ്റർ ആൻസി മാത്യു, പി.ടി.എ പ്രസിഡന്റ് ജോജി മാത്യു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഡി. സി. എൽ. പ്രവേശന ഉത്സവഗാന വീഡിയോ ചലഞ്ചിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ സ്കൂളിനുള്ള അനുമോദനവും ട്രോഫി വിതരണവും ചടങ്ങിൽ നടന്നു.
സ്കൂൾ അസിസ്റ്റന്റ് ഹെഡ് ഗേൾ ഫിയോണ തങ്കം തോമസ് സ്വാഗതം ആശംസിക്കുകയും, സ്കൂൾ ഹെഡ് ബോയ് അമാൻ ഷിഫാ മാലിക്ക് കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്ത ഉദ്ഘാടന പൊതുയോഗത്തിൽ ഡി. സി. എൽ. പ്രതിനിധികളും സംബന്ധിച്ചു.
സ്കൂൾ വേദികളുടെ ചിത്രങ്ങൾ ഒപ്പിയെടുത്ത് വീഡിയോഗ്രാഫിയിലും ഫോട്ടോഗ്രാഫിയിലും പ്രാഗത്ഭ്യം തെളിയിച്ച നോൺ ടീച്ചിംഗ് സ്റ്റാഫ് അമൽകുമാറിനുള്ള ആദരവും ചടങ്ങിൽ നടന്നു.
ശിവാനി സുരേഷും സംഘവും അരങ്ങിലെത്തിച്ച നൃത്തം, ഇവാന മരിയ രാജേഷും സംഘവും ആലപിച്ച സംഘഗാനം, എയ്ഞ്ചൽ മേരി ബിനോയിയും സംഘവും അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ്, മാസ്റ്റർ ജെയിം എം. ജേക്കബ് ആവിഷ്‌കരിച്ച മ്യൂസിക്കൽ ഫിയസ്റ്റ എന്നിവ ഉദ്ഘാടന സമ്മേളനത്തെ ആകർഷകമാക്കി.
മനസ്സിൽ തങ്ങിനിൽക്കുന്ന ഓർമ്മകളും വർണ്ണാഭമായ മുഹൂർത്തങ്ങളും നിറഞ്ഞ സർഗ്ഗോത്സവത്തിൽ, വിവിധ ഇനങ്ങളിലായി കുട്ടികളുടെ വ്യത്യസ്ത മത്സരങ്ങൾ ഉദ്ഘാടനത്തിന് ശേഷം പല സ്റ്റേജുകളിലായി നടന്നു.
രക്ഷിതാക്കളുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തം സർഗ്ഗോത്സവത്തിന്റെ രണ്ട് ദിനങ്ങളെയും ശ്രദ്ധേയമാക്കി.
കലാമികവിന്റെ വിസ്മയം വിതറുന്ന കലാവൈഭവമാണ് ഓരോ മത്സര ഇനങ്ങളിലും കുട്ടികൾ പ്രകടിപ്പിച്ചത്.