ഭീഷണിയുടെ മുനയില്‍ ഒളിവ് ജീവിതം; ലോണ്‍ ആപ്പ് മാഫിയ തളര്‍ത്തിയ ആയഞ്ചേരി സ്വദേശിയെ പയ്യന്നൂരില്‍ കണ്ടെത്തി; വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കുടുംബത്തിന് വിട്ട് നല്‍കും
വടകര: ലോണ്‍ ആപ്പ് സംഘങ്ങളുടെയും പലിശ മാഫിയയുടെയും ഭീഷണി താങ്ങാനാവാതെ വീടുവിട്ട വിഷ്ണു പ്രകാശ് എന്ന ഇരുപത്തിയഞ്ചുകാരനെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പോലീസ് കണ്ടെത്തി. എട്ടു ദിവസമായി കുടുംബത്തെയും പോലീസിനെയും ആശങ്കയിലാഴ്‌ത്തിയ തിരോധാനം ഒടുവില്‍ അവസാനിച്ചിരിക്കുകയാണ്. കേവലം 10,000 രൂപ ലോണ്‍ ആപ്പില്‍ നിന്ന് വായ്പയെടുത്തതാണ് വിഷ്ണുവിനെ കുരുക്കിലാക്കിയത്. പണം തിരിച്ചടച്ചിട്ടും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭീഷണി സംഘം തുടര്‍ന്നു. ഇത് തീര്‍ക്കാന്‍ ബ്ലേഡ് മാഫിയയില്‍ നിന്ന് വാങ്ങിയ 65,000 രൂപ പലിശ കയറി ഒരു ലക്ഷത്തിലധികമായി. ഇരു വശത്തുനിന്നും സമ്മര്‍ദ്ദം ഏറിയതോടെയാണ് യുവാവ് ഒളിവില്‍ പോകാന്‍ തീരുമാനിച്ചത്.
കാസര്‍കോട് ബേക്കല്‍ പനയാലിലാണ് വിഷ്ണുവിന്റെ ഫോണ്‍ ലൊക്കേഷന്‍ അവസാനമായി കാണിച്ചത്. തുടര്‍ന്ന് മംഗലാപുരം, ബംഗളൂരു മേഖലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. വടകര ടൗണില്‍ കൂടി വിഷ്ണു മറ്റൊരാള്‍ക്കൊപ്പം സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ വന്നിരുന്നു. വടകര ടൗണിലെ ദൃശ്യങ്ങളും റെയില്‍വേ സ്റ്റേഷനുകളിലെ നിരീക്ഷണ ക്യാമറകളും പരിശോധിച്ച സൈബര്‍ സെല്‍ യുവാവ് ട്രെയിന്‍ മാര്‍ഗ്ഗം സഞ്ചരിക്കുന്നതായി സ്ഥിരീകരിച്ചു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വിഷ്ണുവിനെ പോലീസ് തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിഷ്ണു, കാണാതാകുന്നതിന് തൊട്ടുമുന്‍പുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. വടകര ബസ് സ്റ്റാന്‍ഡില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ആണ് പുറത്ത് വന്നത്. ബാങ്കില്‍ പോകാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിഷ്ണു. വടകരയില്‍ വച്ച് സുഹൃത്തിന്റെ എടിഎം വഴി 1000 രൂപ എടുത്തു. തൊട്ടുപിന്നാലെ ഒരു കോള്‍ വന്നു. ഫോണ്‍ കോളിന് ശേഷം വിഷ്ണു അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തുന്റെ മൊഴി.
വിഷ്ണു കടബാധ്യതയെക്കുറിച്ചും തന്നെ വേട്ടയാടുന്നവരെക്കുറിച്ചും സഹോദരന് അയച്ച സന്ദേശം അയച്ചിരുന്നു. ഈ മെസേജ് കേസില്‍ നിര്‍ണ്ണായകമായിരുന്നു. വിഷ്ണുവിനെ വടകരയിലെത്തിച്ച് വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി കുടുംബത്തിന് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു. യുവാവിനെ ഭീഷണിപ്പെടുത്തിയ സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.