കള്ളവും കപടതയും സംഘപരിവാറും. ഛത്തീസ്ഗഡിലെ മതപരിവർത്തന നിരോധന നിയമം പാസാക്കിയത് ജനസംഘത്തിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ. ബിജെപി നടത്തുന്നത് കോൺഗ്രസിനെതിരായ വ്യാജപ്രചാരണമെന്ന് സൂചന
 

 
nuins

ന്യൂഡൽഹി : ഛത്തീസ്ഗഡിലെ രണ്ട് മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിന് കാരണം കോണ്‍ഗ്രസ് സര്‍ക്കാര്‍ പാസാക്കിയ മതപരിവര്‍ത്തന നിരോധന നിയമമാണെന്ന സംഘപരിവാർ - ബി.ജെ.പി വാദങ്ങൾ പൊളിയുന്നു. 1967 – 69 കാലത്ത് അവിഭക്ത മധ്യപ്രദേശില്‍ അന്നത്തെ പ്രതിപക്ഷ മുന്നണിയായ സംയുക്ത വിധായക്ദള്‍ ഭരണത്തിലാണ് ഈ നിയമം പാസാക്കിയതെന്ന രേഖകൾ പുറത്ത് വന്നതോടെയാണ് സംഘപരിവാർ വാദങ്ങൾ പൊളിഞ്ഞട്ടുണ്ടുന്നത്. മുന്നണിക്ക് അന്ന് നേതൃത്വം നൽകിയത് ബി.ജെ.പിയുടെ പൂർവ്വ രൂപമായ ജനസംഘമാണെന്ന കാര്യങ്ങളും പുറത്ത് വന്നു കഴിഞ്ഞു. 

1967ല്‍ രാജ്യത്ത് പൊതുതിരഞ്ഞെ ടുപ്പിനൊപ്പം വിവിധ സംസ്ഥാന നിയമസഭകളിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ അക്ഷരാർത്ഥത്തിൽ കോൺഗ്രസ് തകർന്നടിയുകയായിരുന്നു. ലോക്‌സഭയില്‍ കേവലം 283 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. സമാന സ്ഥിതിയാണ് കേരളമുള്‍പ്പടെയുള്ള മിക്ക സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലും തിരിച്ചടി ഉണ്ടായത്. 

അന്നത്തെ തിരഞ്ഞെടുപ്പിന് ശേഷം ഒട്ടുമിക്ക സംസ്ഥാനങ്ങളിലും രൂപംകൊണ്ട പ്രതിപക്ഷ മുന്നണിയായ സംയുക്ത വിധായക് ദളിന്റെ (Samyukta Vidhayak Dal- SVD) നേതൃത്വത്തിലാണ്  മന്ത്രിസഭകള്‍ രൂപം കൊണ്ടത്.  ഭാരതീയ ജനസംഘം (BJS) ഭാരതീയ ക്രാന്തിദള്‍ (BKD). സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി (SSP) പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടി (PSP) സിപിഐ, സിപിഎം, സ്വതന്ത്ര പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളുടെ മുന്നണികളാണ് ബീഹാര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 1967ല്‍ സർക്കാരുകൾ രൂപീകരിച്ചത്.

1967 ഫെബ്രുവരിയില്‍ മധ്യപ്രദേശ് അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന ദ്വാരക പ്രസാദ് മിശ്രയുടെ നേതൃത്വത്തില്‍  നിയമസഭയില്‍ 167 സീറ്റ് നേടി 1967 മാര്‍ച്ച് ഒമ്പതിന് കോൺഗ്രസ്  അധികാരമേറ്റു. എന്നാൽ മൂന്ന് മാസം തികയും മുമ്പ് മുഖ്യമന്ത്രിയുമായി കലഹിച്ച് 36 കോണ്‍ഗ്രസ് എംഎല്‍എമാരുമായി ഉപമുഖ്യമന്ത്രി ഗോവിന്ദ് നാരായണ്‍ സിംഗ്  പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ലോക് സേവക് ദള്‍ എന്നൊരു പാര്‍ട്ടി രൂപീകരിച്ചു.

തുടർന്നാണ് ഗോവിന്ദ് നാരായണ്‍ സിംഗിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ജനസംഘമുള്‍പ്പടെയുള്ള കക്ഷികള്‍ പിന്തുണ നല്‍കിയത്. ഏക സിപിഐ അംഗത്തിന്റേയും പിന്തുണ വിധായക് ദൾ മുന്നണിക്ക് ലഭിച്ചു. 

അന്ന് ജനസംഘത്തിന് സഭയില്‍ 78 അംഗങ്ങളുണ്ടായിരുന്നു. 1967 ജൂലൈ 30നാണ് ഗോവിന്ദ് നാരായണ്‍ സിംഗ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ഉപമുഖ്യമന്ത്രി സ്ഥാനം ജനസംഘത്തിന്റെ വീരേന്ദ്രകുമാര്‍ സക്‌ലേച്ചക്ക് ലഭിച്ചു. രാജമാത വിജയ് രാജെ സിന്ധ്യയായിരുന്നു ജനസംഘത്തിന്റെ കക്ഷി നേതാവ്. ഡി.പി മിശ്രയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭയെ മറിച്ചിടുന്നതില്‍ വിജയ് രാജെസിന്ധ്യ നിര്‍ണായക റോള്‍ വഹിച്ചുവെന്നാണ്  രാഷ്ട്രീയ ചരിത്രത്തിൽ നിന്നും വ്യക്തമാവുന്നത്.

ജനസംഘം ഉള്‍പ്പെട്ട ഈ മന്ത്രിസഭയുടെ കാലത്താണ് മധ്യപ്രദേശില്‍ 1968 ഒക്ടോബര്‍ 19ന് മതപരിവര്‍ത്തന നിരോധന നിയമം പാസായത് (The Freedom of Religion Act 1968). നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചത് ജനസംഘം നേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന വീരേന്ദ്രകുമാര്‍ സക്‌ലേച്ചയാണ് എന്നതാണ് യാഥാർത്ഥ്യം.

പിന്നീട് മുഖ്യമന്ത്രി ഗോവിന്ദ് നാരായണ്‍ സിംഗ് ജനസംഘം മന്ത്രിമാരുടെ വകുപ്പുകളില്‍ കൈ കടത്തുന്നു എന്നാരോപിച്ച് നിരന്തര കലഹങ്ങള്‍ മൂലം മന്ത്രിസഭ 1969 മാര്‍ച്ച് 12ന് നിലം പതിച്ചു. 2000 നവംബറില്‍ മധ്യപ്രദേശിനെ വിഭജിച്ച് ഛത്തീസ്ഗഡ് സംസ്ഥാനം രൂപീകരിച്ചു. ഇതോടെ അവിടേയും ഈ മതപരിവര്‍ത്തന നിരോധന നിയമം പ്രബല്യത്തിലാവുകയായിരുന്നു

മതപരിവര്‍ത്തന നിരോധന നിയമം രാജ്യത്ത് പാസാക്കിയത് ഒഡീഷയിലാണ്. 1967ല്‍ സ്വതന്ത്ര പാര്‍ട്ടിയുടെ നേതൃത്യത്തില്‍ അധികാരത്തില്‍ വന്ന രാജേന്ദ്ര നാരായണ്‍ സിംഗ് ദിയോ സര്‍ക്കാരാണ് മതപരിവര്‍ത്തന നിരോധന നിയമം (The Orissa Freedom of Religion Act 1967) പാസാക്കിയത്. ഈ നിയമത്തിന്റെ ചുവടുപിടിച്ചാണ് 1968ല്‍ മധ്യപ്രദേശില്‍ മതപരിവര്‍ത്തന നിരോധന നിയമം ജനസംഘമുള്‍പ്പെട്ട സര്‍ക്കാര്‍ പാസാക്കിയത്. ഈ വസ്തുതകള്‍ മറച്ചു വെച്ചാണ് ബിജെപി - സംഘപരിവാർ സംഘടനകൾ ഇപ്പോള്‍ കോണ്‍ഗ്രസിനെതിരെ വ്യാജ പ്രചരണവുമായി രംഗത്തിറങ്ങിയിട്ടുള്ളത്

Tags

Share this story

From Around the Web