"ബന്ദികളെ വിട്ടയക്കാം"; ട്രംപിൻ്റെ ഗാസ പദ്ധതി ഭാഗികമായി അംഗീകരിച്ച് ഹമാസ്

 
hamas

ഗാസ സിറ്റി: ട്രംപിൻ്റെ ഗാസ സമാധാന പദ്ധതി ഭാഗികമായി അംഗീകരിച്ച് ഹമാസ്. ഇസ്രയേൽ ബന്ദികളെ വിട്ടയക്കാമെന്ന് ഹമാസ് അറിയിച്ചതോടെയാണ് പദ്ധതിക്ക് അംഗീകാരം നൽകിയ കാര്യം പുറത്തുവരുന്നത്. എന്നാൽ യുഎസ് ഗാസ സമാധാന പദ്ധതിയിൽ വിവരിച്ചിരിക്കുന്ന നിരവധി കാര്യങ്ങളിൽ കൂടുതൽ ചർച്ചകൾ നടത്തുമെന്ന് ഹമാസ് അറിയിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.

സമാധാന പദ്ധതി അംഗീകരിക്കണം, അല്ലെങ്കിൽ എല്ലാ നരകവും അനുഭവിക്കേണ്ടി വരുമെന്ന് ഹമാസിന് യുഎസ് പ്രസിഡൻ്റ് മുന്നറിയിപ്പ് നൽകുകയും ഞായറാഴ്ച വരെ സമയപരിധി നൽകുുകയും ചെയ്തിരുന്നു. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഹമാസിൻ്റെ പ്രഖ്യാപനം വന്നത്.

ഹമാസ് തീരുമാനം ലോക രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും സ്വാഗതം ചെയ്തു. സമാധാന പദ്ധതിക്കായി സഹകരിച്ച രാജ്യങ്ങൾക്ക് ഡൊണാൾഡ് ട്രംപ് നന്ദി അറിയിച്ചു. അതേസമയം, ട്രംപിൻ്റെ പദ്ധതിയുടെ ആദ്യ ഘട്ടം "ഉടനടി നടപ്പിലാക്കാൻ ഇസ്രയേൽ തയ്യാറെടുക്കുകയാണെന്ന്" ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ട്രംപ് ഹമാസിന് അന്ത്യശാസനം നൽകിയത്. ഹമാസിന് മുന്നിലുള്ള അവസാന അവസരമാണിതെന്നും കരാര്‍ ഉണ്ടായിട്ടില്ലെങ്കില്‍ ഇന്നുവരെ ആരും കാണാത്ത തരത്തിലുള്ള സര്‍വനാശമായിരിക്കും ഹമാസിന് ഉണ്ടാകുക എന്നുമായിരുന്നു ട്രംപ് മുന്നറിയിപ്പ് നൽകിയത്.

Tags

Share this story

From Around the Web