സമാധാനത്തിന് കൈകോർക്കാം; ഉത്തര കൊറിയയെ ചർച്ചയ്ക്ക് ക്ഷണിച്ച് ദക്ഷിണ കൊറിയൻ പ്രസിഡന്റ്
ഉത്തര കൊറിയയുമായി വീണ്ടും ചർച്ചകൾ തുടങ്ങാൻ താൽപര്യമുണ്ടെന്ന് അറിയിച്ച് ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യൂങ്ങ്. അയൽരാജ്യങ്ങൾ തമ്മിലുള്ള അകൽച്ച കുറയ്ക്കാനും സമാധാനം നിലനിർത്താനും ചർച്ചകൾ അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര കൊറിയയുടെ ഭരണരീതിയെ തങ്ങൾ ബഹുമാനിക്കുന്നുണ്ടെന്നും അവരെ പിടിച്ചെടുക്കാൻ ഒരു നീക്കവും നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, ദക്ഷിണ കൊറിയയുമായി യാതൊരു ബന്ധത്തിനും താൽപര്യമില്ലെന്നാണ് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ദക്ഷിണ കൊറിയയെ ശത്രുരാജ്യമായാണ് കാണുന്നതെന്നും സമാധാനചർച്ചകൾ വെറും നാടകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, അമേരിക്ക തങ്ങളെ ആണവരാജ്യമായി അംഗീകരിച്ചാൽ അവർക്കൊപ്പം നിൽക്കാൻ തയ്യാറാണെന്നും കിം അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കിം ജോങ് ഉന്നും തമ്മിൽ ചർച്ചകൾ നടക്കുമോ എന്ന കാര്യത്തിൽ ലോകരാജ്യങ്ങൾ വലിയ പ്രതീക്ഷയിലാണ്. മുൻപ് ഇരുവരും തമ്മിൽ കണ്ടിരുന്നെങ്കിലും സാമ്പത്തിക നിയന്ത്രണങ്ങളെ ചൊല്ലിയുള്ള തർക്കം മൂലം ചർച്ചകൾ പരാജയപ്പെട്ടിരുന്നു. വരുംദിവസങ്ങളിൽ ഈ മേഖലയിൽ സമാധാനത്തിനുള്ള പുതിയ നീക്കങ്ങൾ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.