വിഡിഎസ് ഭരിക്കട്ടെ, ഷാഫി നയിക്കട്ടെ, കൊച്ചിയിൽ പുതിയ ഫ്ലക്സ് ബോർഡുകൾ, കോൺഗ്രസിൽ പോര് മുറുകുന്നു

 
33333

കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം കോൺഗ്രസിൽ തുടരുന്നതിനിടെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ഷാഫി പറമ്പിലിനെയും പിന്തുണച്ച് എറണാകുളത്ത് പുതിയ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. പള്ളുരുത്തിയിലാണ് 'വി.ഡി.എസ് കേരളം ഭരിക്കട്ടെ, ഷാഫി പറമ്പിൽ കോൺഗ്രസിനെ നയിക്കട്ടെ' എന്ന വാചകങ്ങളുമായി ബോർഡുകൾ ഉയർന്നത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർക്കായി വിവിധയിടങ്ങളിൽ അനുയായികൾ ചേരിതിരിഞ്ഞ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്കും ഷാഫി പറമ്പിലിനെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്കും പിന്തുണച്ചുകൊണ്ടുള്ള പുതിയ നീക്കം.

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായത്. ഇത്തരം ഫ്ലക്സ് ബോർഡുകളും പരസ്യമായ പ്രകടനങ്ങളും ഉടനടി അവസാനിപ്പിക്കണമെന്ന് ഹൈക്കമാൻഡ് നേരത്തെ കർശന നിർദ്ദേശം നൽകിയിരുന്നു. മുതിർന്ന നേതാക്കൾക്കായി പോര് മുറുകുന്നതിനിടെ സതീശനെയും ഷാഫിയെയും ഒരുമിച്ച് ഉയർത്തിക്കാട്ടുന്നത് പാർട്ടിയിലെ പുതിയ നീക്കമായി വിലയിരുത്തപ്പെടുന്നു.

ഹൈക്കമാൻഡ് വിലക്ക് നിലനിൽക്കെ വീണ്ടും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത് നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ ദില്ലിയിൽ പുരോഗമിക്കെ ഇത്തരം നീക്കങ്ങൾ അച്ചടക്കലംഘനമായാണ് പാർട്ടി കാണുന്നത്.

Tags

Share this story

From Around the Web