ചുഴലിക്കാറ്റും വെള്ളപ്പൊക്കവും മൂലം നാശനഷ്ടം ഉണ്ടായ ഏഷ്യൻ രാജ്യങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്ത് ലെയോ പാപ്പ
ചുഴലിക്കാറ്റും വെള്ളപ്പൊക്കവും മൂലം കനത്ത നാശനഷ്ടം ഉണ്ടായ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്ക് പേപ്പൽ ചാരിറ്റീസ് ഓഫീസ് വഴി, ലെയോ പതിനാലാമൻ മാർപാപ്പ പിന്തുണ വാഗ്ദാനം ചെയ്തു. നവംബർ അവസാനത്തോടെ പെയ്ത മൺസൂൺ മഴയെത്തുടർന്ന്, വ്യാപകമായി ചുഴലിക്കാറ്റുകളും വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും ഉണ്ടായി. രക്ഷാപ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. പാലങ്ങളും റോഡുകളും ഒലിച്ചുപോയതിനെത്തുടർന്ന് ഗ്രാമങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
ഈ അടിയന്തരാവസ്ഥയിൽ ശ്രീലങ്ക, ഇന്തോനേഷ്യ, വിയറ്റ്നാം, തായ്‌ലൻഡ് എന്നിവയുൾപ്പെടെ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന രാജ്യങ്ങൾക്ക് പേപ്പൽ അൽമോണർ വഴി പാപ്പ സഹായം അയച്ചു. ഡിസംബർ ഏഴിന് നടന്ന ത്രികാല പ്രാർഥനയിൽ പാപ്പ പ്രകൃതി ദുരന്തങ്ങളാൽ ക്ലേശമനുമനുഭവിക്കുന്നവർക്ക് പ്രാർഥന വാഗ്ദാനം ചെയ്തിരുന്നു.
ഏഷ്യൻ രാജ്യങ്ങളിൽ ഗുരുതരമായ ബുദ്ധിമുട്ടുകൾ നേരിടുന്നവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ചു.