മിനിയാപ്പൊളിസിലെ കത്തോലിക്ക വിദ്യാലയത്തിൽ നടന്ന വെടിവയ്‌പ്പിൽ ദുഃഖം രേഖപ്പെടുത്തി ലെയോ പതിനാലാമൻ പാപ്പ

 
leo 1234

അമേരിക്കയിലെ മിനസോട്ട സംസ്ഥാനത്തിലെ അനൗൺസിയേഷൻ കാത്തലിക് ചർച്ച് ആൻഡ് സ്കൂൾ കോംപ്ലക്സിൽ നടന്ന വെടിവയ്‌പ്പിൽ രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ലെയോ പതിനാലാമൻ പാപ്പ അഗാധമായ ദുഃഖം രേഖപ്പെടുത്തി. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി, മിനിയാപൊളിസ് ആർച്ച് ബിഷപ്പ് ബെർണാഡ് ഹെബ്ഡയ്ക്ക് അയച്ച ടെലെഗ്രാം സന്ദേശത്തിലൂടെയാണ് പാപ്പ തന്റെ ദുഃഖം രേഖപ്പെടുത്തിയത്.

മിനിയാപ്പൊളിസിലെ അനൗൺസിയേഷൻ കാത്തലിക് ചർച്ച് ആൻഡ് സ്കൂൾ കോംപ്ലക്സിലെ ദേവാലയത്തിൽ, അധ്യയനവർഷാരംഭത്തോടനുബന്ധിച്ചു നടന്ന വിശുദ്ധ കുർബാനയിൽ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്ന വിദ്യാർഥികൾക്ക് നേരെയാണ് വെടിവെയ്പ്പ് നടന്നത്.ആക്രമണത്തിൽ, എട്ടും പത്തും വയസ്സുള്ള രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും, 14 കുട്ടികളടക്കം 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ ഏഴ് പേരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

അമേരിക്കയിലെ മിനിസോട്ട സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമായ മിനിയാപ്പൊളിസിലുള്ള അനൗൺസിയേഷൻ ദൈവാലയത്തിൽ വിശുദ്ധ കുർബാനയിൽ പങ്കെടുത്തുകൊണ്ടിരുന്ന കുട്ടികൾക്ക് നേരെ, പ്രാദേശിക സമയം രാവിലെ 8.30-ന് അക്രമി ജനലുകളിലൂടെ വെടിയുതിർക്കുകയായിരുന്നു. അക്രമിയെ പിന്നീട് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.

ഈ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവർക്കും, പ്രത്യേകിച്ച് കുട്ടികളെ നഷ്ടപ്പെട്ടതിന്റെ വേദനയിലായിരിക്കുന്ന കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും പാപ്പ അനുശോചനം അറിയിച്ചു. മരണമടഞ്ഞ കുട്ടികളുടെ ആത്മാക്കളെ സർവശക്തനായ ദൈവത്തിന്റെ സ്നേഹത്തിന് സമർപ്പിക്കുന്നുവെന്നും, പരിക്കേറ്റവർക്കും, ആരോഗ്യപ്രവർത്തകർക്കും, പലവിധ ശുശ്രൂഷകൾ നൽകുന്നവർക്കും വേണ്ടി പ്രാർഥിക്കുന്നുവെന്നും തന്റെ സന്ദേശത്തിലൂടെ പാപ്പ ഉറപ്പുനൽകി.

മിനിയാപ്പൊളിസിലെ അനൺസിയേഷൻ സ്കൂളിൽ നിന്നുള്ള ദുരന്തവാർത്തകൾ, സഭ, ഹൃദയഭേദകമായ ദുഃഖത്തോടെയാണ് സ്വീകരിക്കുന്നതെന്ന് യു.എസ്. മെത്രാൻ സമിതിയുടെ വൈസ് പ്രസിഡന്റ് ആർച്ച് ബിഷപ്പ് വില്യം ലോറി തന്റെ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഈ ദാരുണസംഭവത്തിൽ പ്രാർഥനകളും സാമീപ്യവുമറിയിച്ച പരിശുദ്ധ പിതാവിനും മറ്റുള്ളവർക്കും മിനിയാപ്പൊളിസ്‌ അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് ബെർണാഡ് ഹെബ്‌ദ നന്ദി പറഞ്ഞു. അതിരൂപതയിലെ വൈദികർക്കും ജനങ്ങൾക്കും വേണ്ടി തുടർന്നും പ്രാർഥനകൾ ആവശ്യമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, അക്രമത്തെ അപലപിക്കുകയും, ദുരന്തത്തിൽ അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു. സ്‌കൂളിൽ നടന്ന ഈ അതിക്രമത്തിന് മുൻപായി നഗരത്തിന്റെ വിവിധയിടങ്ങളിൽ 12 വെടിവയ്പ്പ് ആക്രമണങ്ങൾ ഉണ്ടായതായും മൂന്ന് പേർ കൊല്ലപ്പെട്ടതായും എട്ട് പേർക്ക് പരിക്കേറ്റതായും പ്രാദേശിക പൊലീസ് വൃത്തങ്ങൾ അറിയിച്ചുരുന്നു.

Tags

Share this story

From Around the Web