ട്രംപിന്റെ ഗാസ സമാധാന പദ്ധതി യാഥാർഥ്യബോധമുള്ളത്, ഹമാസ് അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു: ലെയോ പതിനാലാമൻ പാപ്പ

ട്രംപിന്റെ ഗാസ സമാധാന പദ്ധതി യാഥാർഥ്യബോധമുള്ള നിർദേശമായി തോന്നുന്നു. ഹമാസ് അത് സ്വീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നെന്ന് ലെയോ പതിനാലാമൻ പാപ്പ. വില്ല ബാർബെറിനിക്ക് പുറത്ത് കാത്തുനിന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
യുഎസ് പ്രസിഡന്റ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ അംഗീകാരത്തോടെ ഗാസയ്ക്കായി വൈറ്റ് ഹൗസിൽ അവതരിപ്പിച്ച 20-ഇന സമാധാന പദ്ധതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് പാപ്പ മറുപടി പറഞ്ഞത്. വെടിനിർത്തലിന്റെയും ബന്ദികളെ മോചിപ്പിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചും പാപ്പ എടുത്തു പറഞ്ഞു.
“ഒരു യഥാർഥ മാനുഷിക അടിയന്തരാവസ്ഥയോട് പ്രതികരിക്കാൻ ആഗ്രഹമുണ്ട്. അക്രമം ഇല്ല, ആളുകളെ ബഹുമാനിക്കുന്നു” പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. ആണവായുധങ്ങളുടെ ഉപയോഗം ഉൾപ്പെടെയുള്ള യുദ്ധത്തിന് തയ്യാറായ സൈനിക നേതാക്കളുമായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വിളിച്ചുചേർത്ത യോഗത്തെക്കുറിച്ച്, “ഈ സംസാരരീതി ആശങ്കാജനകമാണ്,” എന്ന് പാപ്പ അഭിപ്രായപ്പെട്ടു.