മധ്യപൂര്‍വ്വേഷ്യ ആക്രമണ ഭീതിയിലാണ്ടിരിക്കെ ലെബനോന്റെ പ്രസിഡൻറ് ലെയോ പാപ്പയുമായി കൂടിക്കാഴ്ച നടത്തി
മധ്യപൂര്‍വ്വേഷ്യ ആക്രമണങ്ങളുടെ ഭീതിയിലായിരിക്കുന്ന വേളയില്‍ ലെബനോന്റെ പ്രസിഡൻറ് വത്തിക്കാനിലെത്തി മാര്‍പാപ്പായെ സന്ദർശിച്ചു. വെള്ളിയാഴ്ചയാണ് ലെയോ പതിനാലാമൻ പാപ്പായും ലെബനോന്‍ പ്രസിഡൻറ് ജോസഫ് ഔണും തമ്മിൽ കൂടിക്കാഴ്ച നടന്നതെന്ന് വത്തിക്കാന്‍ പിന്നീട് വ്യക്തമാക്കി.
ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുകയും, തിരിച്ചടിക്കാൻ ഇറാൻ ഡ്രോണുകൾ വിക്ഷേപിക്കുകയും ചെയ്ത ആക്രമണങ്ങള്‍ക്കിടെയാണ് ലെബനീസ് പ്രസിഡന്റിന്റെ വത്തിക്കാന്‍ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്.
വത്തിക്കാനും ലെബനോനും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങളിലും ലെബനോന്റെ വളര്‍ച്ചയില്‍ കത്തോലിക്ക സഭ വഹിക്കുന്ന പരമ്പരാഗതവും നിരന്തരവുമായ പങ്കിലുമുള്ള സംതൃപ്തി കൂടിക്കാഴ്ചാവേളയിൽ തെളിഞ്ഞു നിന്നു. ഇരുവരും പരസ്പരം സമ്മാനങ്ങള്‍ കൈമാറി.
ലെബനീസ് വിശുദ്ധനായ ചാർബലിന്റെ ശിൽപമാണിതെന്ന് പ്രസിഡന്റിന്റെ ഭാര്യ നെഹ്മത് പാപ്പയോട് വിശദീകരിച്ചപ്പോൾ, പെറുവിലെ തന്റെ മുൻ രൂപതയായ ചിക്ലായോയിലെ ലെബനീസ് കത്തോലിക്കാ സമൂഹത്തിന്റെ വിശുദ്ധനോടുള്ള ഭക്തി ലെയോ പാപ്പ അനുസ്മരിച്ചു.