'ആദ്യം അച്ചടക്കം പഠിക്കൂ'; നേതാക്കളെ ശകാരിച്ച് രാഹുൽ ഗാന്ധി; ഫ്ലക്സുകൾ നീക്കാൻ കർശന നിർദ്ദേശം
 

 
 rahul gandhi

ഡല്‍ഹി: മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അച്ചടക്കത്തിന്‍റെ വാളോങ്ങി ഹൈക്കമാന്‍റ്. മുഖ്യമന്ത്രി സ്ഥാനത്തിനായി ചേരിതിരിഞ്ഞ് സോഷ്യല്‍ മീഡിയ, ഫ്ലക്സ്, പോസ്റ്റര്‍ യുദ്ധം നടത്തിയ 3 നേതാക്കളെയും കണക്കറ്റ് ശകാരിച്ചാണ് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയില്‍ സംസാരിച്ചത്.

ആദ്യം ഒറ്റയ്ക്കും പിന്നീട് 3 പേരെയും ഒന്നിച്ചിരുത്തിയും ഉള്ള കൂടിക്കാഴ്ചയില്‍ അച്ചടക്ക ലംഘനങ്ങള്‍ക്കെതിരെ കര്‍ശന താക്കീതാണ് രാഹുല്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ഈ രാത്രി തന്നെ ഇത്തരം പ്രചരണ 'സാമഗ്രികള്‍' നീക്കം ചെയ്യാനാണ് രാഹുല്‍ നേതാക്കള്‍ക്ക് നല്‍കിയ മുന്നറിയിപ്പ്.

അതേസമയം, ആരെ മുഖ്യമന്ത്രിയാക്കുമെന്നോ എന്ന് പ്രഖ്യാപിക്കുമെന്നോ പറയാന്‍ രാഹുല്‍ തയ്യാറായുമില്ല. ആദ്യം നിങ്ങള്‍ അവിടെ പാര്‍ട്ടിയില്‍ ഐക്യാന്തരീക്ഷം സൃഷ്ടിക്കുക, തീരുമാനം പിന്നാലെ ഞങ്ങള്‍ അറിയിക്കും എന്നായിരുന്നു രാഹുലിന്‍റെ പ്രതികരണം.

മൂന്ന് നേതാക്കളുടെയും അവകാശവാദങ്ങള്‍ രാഹുലും മല്ലികാര്‍ജുന ഖാര്‍ഗെയും കേട്ടു. ഖാര്‍ഗെയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ചകള്‍. മുഖ്യമന്ത്രി പദവിക്കായി പാര്‍ട്ടിയെ വെല്ലുവിളിച്ച് നടത്തിയ പ്രകടനങ്ങളും ഫ്ലക്സ് യുദ്ധവും സകല പരിധികളും ലംഘിച്ചായിരുന്നെന്ന് ഖാര്‍ഗെ പറഞ്ഞപ്പോള്‍ അത് ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണെന്നായിരുന്നു ഒരു നേതാവിന്‍റെ വിശദീകരണം. എന്നാല്‍ താന്‍ കര്‍ണാടകക്കാരനാണെന്നും കേരളത്തില്‍ നടക്കുന്ന കാര്യങ്ങളില്‍ ഏകദേശ ധാരണ തങ്ങള്‍ക്കുണ്ടെന്നും പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനം ഒഴികെ മറ്റൊന്നും തനിക്ക് വേണ്ടെന്നും ഒരു വകുപ്പിന്‍റെ മാത്രം മന്ത്രിയായിരുന്നതുകൊണ്ട് താന്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാനാകില്ലെന്നുമായിരുന്നു പ്രധാന നേതാവ് പങ്കുവച്ച ആശങ്ക. വാഗ്ദാനം നല്‍കാന്‍ താങ്കള്‍ ആരാണെന്നും അത് പാര്‍ട്ടിയുടേതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതോടെ അദ്ദേഹത്തിനും ഉത്തരം മുട്ടി.

കേരള നേതാക്കളോട് ആദ്യം രൂക്ഷമായ ഭാഷയില്‍ സംസാരിച്ച രാഹുല്‍ പിന്നീട് സൗഹാര്‍ദപരമായി സംസാരിച്ച് രംഗം വിടുകയും ചെയ്തു. 

രണ്ട് ദിവസത്തിനകം പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം വിളിച്ചുകൂട്ടി തീരുമാനം കേരളത്തില്‍ അറിയിക്കാനാണ് തീരുമാനം. ഇതോടെ കേരളത്തിന്‍റെ 'മുഖ്യമന്ത്രി ആര് ?' എന്ന തീരുമാനം തിങ്കളാഴ്ചയെങ്കിലും അറിയാം. കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല, വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവരായിരുന്നു ചര്‍ച്ചകളില്‍ പങ്കെടുത്തത്.

Tags

Share this story

From Around the Web