'രാഹുലിനെതിരെ പരാതിയുമായി മുന്നോട്ട് പോകരുതെന്ന് നേതൃത്വം ആവശ്യപ്പെട്ടു': ബിജെപിക്കെതിരെ അതിജീവിതയുടെ ഭർത്താവ്
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി മുന്നോട്ട് പോകരുതെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടതായി അതിജീവിതയുടെ ഭർത്താവ്. ബിജെപിയിൽ നിന്ന് പുറത്താക്കലിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരേപിച്ചു.
പരാതിയിൽ നിന്ന് പിന്മാറാൻ പറ്റില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. പഞ്ചായത്തിൽ പ്രവർത്തിച്ചില്ലെന്ന് പറഞ്ഞാണ് പുറത്താക്കിയത്. വിശദീകരണം പോലും കേൾക്കാതെയാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.
യുവതിയുടെ ഭർത്താവും രാഹുലിനെതിരെ പരാതി നൽകിയിരുന്നു. രാഹുൽ തന്റെ കുടുംബ ജീവിതം തകർത്തെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഇദ്ദേഹം പരാതി നൽകിയത്.
കുടുംബ പ്രശ്നം തീർക്കാനാണ് താൻ ശ്രമിച്ചതെന്നാണ് രാഹുൽ കോടതിയിൽ പറഞ്ഞത്. എന്നാൽ രാഹുൽ തൻ്റെ കുടുംബം തകർക്കുകയാണ് ചെയ്തതെന്ന് പരാതിയിൽ പറയുന്നു. ഒരു എംഎൽഎ കുടുംബ പ്രശ്നത്തിൽ ഇടപെടുമ്പോൾ രണ്ട് കക്ഷിയെയും വിളിക്കണം. എന്നാൽ തന്നെ ഇതുവരെ രാഹുൽ വിളിച്ചിട്ടില്ല.