കോഴിക്കോട് കുറ്റ്യാടി ചുരം പത്താം വളവിൽ മണ്ണിടിഞ്ഞു; ഗതാഗതം പൂർണമായും തടസപ്പെട്ടു

 
mmmm

കോഴിക്കോടിന്റെ മലയോര മേഖലകളിൽ അതിശക്തമായ മഴ തുടരുന്നു. കുറ്റ്യാടി ചുരം പത്താം വളവിൽ മണ്ണിടിഞ്ഞു.ഗതാഗതം പൂർണമായും തടസപ്പെട്ടു. റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

കുറ്റ്യാടി മരുതോങ്കര തൃക്കന്തോട് വനമേഖലയിൽ ഉരുൾപൊട്ടി. സമീപപ്രദേശത്തുള്ളവരെ മാറ്റി പാർപ്പിച്ചു. വനമേഖലയിൽ ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഉരുൾപൊട്ടിയത്.

കടന്തറ പുഴയിൽ മലവെള്ളപാച്ചിലിനെ തുടർന്ന് പ്രദേശത്തുള്ളവരെ മാറ്റിപാർപ്പിച്ചു.തൊട്ടിൽപാലം പുഴയിലും മലവെള്ളപാച്ചിൽ ഉണ്ടായി.കാഞ്ഞിരോട് റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു.ചോയ്ച്ചുണ്ടിൽ വീടുകളിൽ വെള്ളം കയറി.പാമ്പങ്ങോട് മലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് പ്രദേശവാസികളെ നെല്ലിക്കുന്നിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

വിലങ്ങാട് ഉരുള്‍പൊട്ടൽ ഭീഷണിയുള്ള മഞ്ഞച്ചീളും കനത്ത മഴ തുടരുകയാണ്. വിലങ്ങാട് ടൗൺ പാലം വെള്ളത്തിനടിയിലായി. നിരവധി കടകളിലും വെള്ളം കയറി.

പുല്ലുവ പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ പ്രദേശത്ത് താമസിക്കുന്നവരെ അടിയന്തരമായി മാറ്റി പാർപ്പിക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകി. ഈങ്ങാപ്പുഴ ടൗണിലും വെള്ളം കയറി ഗതാഗത തടസ്സമുണ്ടായി.

കക്കയം ഡാമിലെ ജലനിരപ്പ് ഉയർന്നു. അധിക ജലം തുറന്നു വിടാനുള്ള പ്രാരംഭ നടപടിയായി ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ചെറുവാടി മുപ്പരിച്ചാലിൽ വന്മരം കടപുഴകി വീണ് വീട് തകർന്നു.

കള്ളാടിക്കുന്നത്ത് മുജീബിന്റെ വീടിന്റെ അടുക്കളഭാഗമാണ് തകർന്നത്. മരം വൈദ്യുത പോസ്റ്റിന് മുകളിൽ വീണതിനാൽ വൈദ്യതിബന്ധം തകരാറിലായി.

മഴക്കെടുതി രൂക്ഷമാകുന്നതിനാൽ താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ വാഹനങ്ങൾ മാത്രമേ കയറ്റി വിടുകയുള്ളു എന്നും ഭാരം കയറ്റിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായും ജില്ലാ കലക്ടർ അറിയിച്ചു. പ്രദേശത്ത് പൊലീസ് പട്രോളിംഗ് ഏർപ്പെടുത്താനും നിർദേശം നൽകി.

Tags

Share this story

From Around the Web