കത്തോലിക്കാ സഭയിൽ പുരോഹിതരുടെ അഭാവം ‘വലിയ ദൗർഭാഗ്യം’: ലെയോ പതിനാലാമൻ പാപ്പ

പുരോഹിതരുടെ കുറവ് കത്തോലിക്കാ സഭയ്ക്ക് ഒരു വലിയ ദൗർഭാഗ്യമാണെന്ന് ലെയോ പതിനാലാമൻ പാപ്പ. ഫ്രാൻസിലെ രാജാവായിരുന്ന വി. ലൂയിസ് ഒൻപതാമന്റെ തിരുനാൾ ദിനമായ ഓഗസ്റ്റ് 25 ന്, റോമിലെത്തിയ ഫ്രാൻസിൽ നിന്നുള്ള അൾത്താര സേവകരുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു ലെയോ പതിനാലാമൻ മാർപാപ്പ.
“പൗരോഹിത്യത്തിലൂടെ യേശുവിനെ കൂടുതൽ അടുത്തു പിന്തുടരാൻ നൽകുന്ന ആഹ്വാനത്തിന് നിങ്ങൾ ശ്രദ്ധ നൽകണമെന്നും ഞാൻ ആഗ്രഹിക്കുന്നു. ഉത്സാഹഭരിതരും ഉദാരമതികളുമായ യുവാക്കളെന്ന നിലയിൽ ഞാൻ നിങ്ങളുടെ മനഃസാക്ഷിയോടു സംസാരിക്കുന്നു. നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം അത് നിങ്ങളെ അൽപം വിഷമിപ്പിച്ചാലും. ഫ്രാൻസിലെ പുരോഹിതരുടെ കുറവ് ഒരു വലിയ ദൗർഭാഗ്യമാണ്! സഭയ്ക്ക് ഒരു ദൗർഭാഗ്യം, നിങ്ങളുടെ രാജ്യത്തിന് ഒരു ദൗർഭാഗ്യം!” പാപ്പ പറഞ്ഞു.
25 വർഷത്തിലൊരിക്കൽ സഭ ആഘോഷിക്കുന്ന ജൂബിലി ഒരു അസാധാരണ സന്ദർഭമാണെന്നും നാം വിശുദ്ധ വാതിലിലൂടെ കടന്നുപോകുമ്പോൾ, യേശു നമ്മെ ‘മാനസാന്തരപ്പെടുത്താൻ, അതായത്, അവനിലേക്കു തിരിയാൻ, വിശ്വാസത്തിലും അവന്റെ സ്നേഹത്തിലും വളരാൻ നമ്മെ സഹായിക്കുന്നു. അങ്ങനെ നമുക്ക് മികച്ച ശിഷ്യന്മാരാകാനും നിത്യജീവന്റെ വീക്ഷണകോണിൽ നമ്മുടെ ജീവിതങ്ങൾ അവന്റെ ദൃഷ്ടിയിൽ മനോഹരവും നല്ലതുമാക്കാനും കഴിയും” – പാപ്പ യുവജനങ്ങളെ ഓർമ്മപ്പെടുത്തി.