സംസ്ഥാനത്ത് സർക്കാരില്ലായ്മ, മന്ത്രിയുടേത് നിരുത്തരവാദ സമീപനം, ബിന്ദുവിന്റെ മരണത്തിൽ സർക്കാർ മറുപടി പറയണം, ആരോഗ്യരംഗത്തെ സർക്കാർ വെന്റിലേറ്ററിൽ ആക്കി

മെഡിക്കൽ കോളേജിൽ തകർന്നുവീണ കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയ തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ മരണത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. ബിന്ദുവിന്റെ മരണത്തിന് കാരണമായത് മന്ത്രിമാരുടെ നിരുത്തരവാദിത്ത പരമായ സമീപനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ധാർമ്മിക ഉത്തരവാദിത്തമേറ്റെടുത്ത് മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നും കുടുംബത്തെ സർക്കാർ ഏറ്റെടുക്കണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.
ആരോഗ്യ മന്ത്രി വീണാ ജോർജ് സ്വീകരിച്ചത് നിരുത്തരവാദപരമായ സമീപനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുറന്നടിച്ചു. ആരോഗ്യ രംഗത്തെ മന്ത്രി വെന്റിലേറ്ററിലാക്കി. സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണം. സംസ്ഥാനത്ത് സർക്കാരില്ലായ്മ എന്ന അവസ്ഥയാണെന്നും ആവശ്യമുള്ളപ്പോൾ മിണ്ടാതിരിക്കുക എന്ന കൗശലമാണ് സ്ഥലത്തെത്തിയ മുഖ്യമന്ത്രി സ്വീകരിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ ബിന്ദുവിന്റെ മരണത്തിന് ഇടയാക്കിയത് രക്ഷാപ്രവർത്തനങ്ങൾ വൈകിയതാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആരോപിച്ചു. മെഡിക്കൽ കോളേജിലെ രോഗികളും ബന്ധുക്കളും ഉപയോഗിച്ചിരുന്ന ഒരു കെട്ടിടമാണ് തകർന്നത്. സ്ഥലത്തെത്തിയ രണ്ട് മന്ത്രിമാരും ആരെങ്കിലും തകർന്ന കെട്ടിടത്തിനുള്ളിൽ അകപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാതെ സംഭവത്തെ ലഘൂകരിക്കാനും വെള്ളപൂശാനുമാണ് ശ്രമിച്ചത്. കൃത്യമായ ഇടപെടലുണ്ടായിരുന്നെങ്കിൽ ശ്വാസംമുട്ടി മരിക്കേണ്ട സ്ഥിതി ഉണ്ടാകുമായിരുന്നില്ല. രണ്ടേകാൽ മണിക്കൂർ ബിന്ദു മണ്ണിനടിയിൽ കിടന്ന് ശ്വാസംമുട്ടി.
ബിന്ദുവിന്റെ മരണത്തിൽ മന്ത്രിമാരും മെഡിക്കൽ കോളേജ് അധികൃതരും മറുപടി പറയണം. ആരോഗ്യ മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ ധാർമികമായി അർഹതയില്ല. കുറ്റകരമായ അനാസ്ഥയാണ് നടന്നത്.
ആരോഗ്യവകുപ്പിന്റെ തകർച്ച ഒന്നൊന്നായി പുറത്തുവരുന്നു. യാഥാർത്ഥ്യം രൂക്ഷമാണെന്ന് ഓരോ ദിവസത്തെ സംഭവങ്ങൾ തെളിയിക്കുന്നു. ഇവിടെ ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റി ചേരാറുണ്ടായിരുന്നില്ല. വാർഡുകൾ മാറ്റാൻ എന്ത് താമസമാണ് ഉണ്ടായിരുന്നത് ? കെട്ടിടത്തിന്റെ ഉദ്ഘാടന മാമാങ്കത്തിന് വേണ്ടിയാണ് കാലതാമസം ഉണ്ടാക്കിയതെന്ന് വ്യക്തമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.