കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, മുഴുവൻ ബസുകളിലുമെങ്കിൽ പ്രതിമാസ നഷ്ടം 112 കോടി, റിപ്പോർട്ട് സമർപ്പിച്ചു
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ ഉണ്ടാകാനിടയുള്ള സാമ്പത്തിക ബാധ്യത സംബന്ധിച്ച പഠന റിപ്പോർട്ട് ഗതാഗത സെക്രട്ടറിക്ക് കൈമാറി. എല്ലാ വിഭാഗം ബസുകളിലും സൗജന്യം അനുവദിച്ചാൽ പ്രതിമാസം 112 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് കെഎസ്ആർടിസിയുടെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. പ്രതിദിനം ശരാശരി പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീ യാത്രക്കാരാണ് നിലവിൽ കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നത്. മൂന്ന് മാസത്തെ യാത്രക്കാരുടെ വിവരങ്ങൾ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്.
പദ്ധതി നടപ്പാക്കുന്നതിലൂടെ കോർപ്പറേഷനുണ്ടാകുന്ന അധിക ബാധ്യതയുടെ വിവിധ ഘട്ടങ്ങൾ റിപ്പോർട്ടിൽ തരംതിരിച്ച് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഓർഡിനറി ബസുകളിൽ മാത്രം സൗജന്യം പരിമിതപ്പെടുത്തിയാൽ പ്രതിമാസം 57 കോടി രൂപയുടെ നഷ്ടമാകും വരിക. ഓർഡിനറിയും സിറ്റി ഫാസ്റ്റും ഉൾപ്പെടുത്തിയാൽ ഇത് 65 കോടിയായും, ഫാസ്റ്റും സൂപ്പർ ഫാസ്റ്റും കൂടി ചേർത്താൽ ബാധ്യത 90 കോടിയായും ഉയരും.
വരുന്ന ജൂൺ 15 മുതൽ സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഗതാഗതമന്ത്രി സി.പി. ജോൺ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയുടെ കടുത്ത സാമ്പത്തിക പ്രതിസന്ധി കൂടി പരിഗണിച്ചാകും ആനുകൂല്യം ഏതെല്ലാം ബസുകൾക്ക് ബാധകമാക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. പ്രത്യേക കാർഡുകളോ പ്രായപരിധിയോ ഇല്ലാതെ എല്ലാ സ്ത്രീകൾക്കും സൗജന്യ യാത്ര അനുവദിക്കാനാണ് പ്രാഥമിക ആലോചനയെങ്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്.
ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിൽ പൂർണ്ണമായും, ഫാസ്റ്റ് പാസഞ്ചറുകളിൽ നിശ്ചിത ദൂരപരിധി വരെയും സൗജന്യം നൽകാനാണ് നിലവിൽ കൂടുതൽ സാധ്യത. അന്തർ ജില്ലാ യാത്രകൾക്ക് ഇളവ് നൽകണമോ എന്ന കാര്യത്തിലും വ്യക്തത വരാനുണ്ട്. സ്ത്രീ യാത്രക്കാരുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്തുന്നതിനായി കെ.എസ്.ആർ.ടി.സി അടുത്തിടെ 'ജെൻഡർ ടിക്കറ്റിങ്' സംവിധാനം ആരംഭിച്ചിരുന്നു. അയൽ സംസ്ഥാനങ്ങളായ കർണാടകയിൽ എസി-സ്ലീപ്പർ ബസുകളെയും, തമിഴ്‌നാട്ടിൽ ഓർഡിനറി ടൗൺ ബസുകളെയും മാത്രമാണ് പദ്ധതിക്കായി നിശ്ചയിച്ചിട്ടുള്ളത്.