കെഎസ്ആർടിസി സൗജന്യ യാത്ര, ആദ്യഘട്ടം ഓർഡിനറി ബസുകളിൽ മാത്രം, 100 ദിവസത്തെ പഠനത്തിന് ശേഷം വ്യാപിപ്പിക്കും

 
ksrtc

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം ഓർഡിനറി സർവീസുകളിൽ മാത്രം നടപ്പിലാക്കാൻ സർക്കാർ തീരുമാനം. പദ്ധതിയുടെ പ്രായോഗികതയും സാമ്പത്തിക ബാധ്യതയും വിലയിരുത്തുന്നതിനായി ഗതാഗത മന്ത്രി മുഖ്യമന്ത്രിയുമായി ഇന്ന് നിർണായക ചർച്ച നടത്തി. 100 ദിവസത്തെ പരീക്ഷണ ഘട്ടത്തിന് ശേഷം മാത്രമേ കൂടുതൽ ബസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കൂ.

ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിക്കുമ്പോൾ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കാൻ പ്രതിമാസം 57 കോടി രൂപയാണ് സർക്കാർ ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി നടപ്പിലാക്കുമ്പോൾ കെഎസ്ആർടിസിക്ക് സർക്കാർ നൽകേണ്ട തുക കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്സി) വഴി വായ്പയായി ലഭ്യമാക്കാനാണ് നിലവിലെ നീക്കം. ഇതിന്റെ പലിശ നിരക്കും വ്യവസ്ഥകളും നിശ്ചയിക്കാൻ കെഎഫ്സി പ്രതിനിധികളും ഇന്നത്തെ യോഗത്തിൽ പങ്കെടുത്തു.

വടക്കൻ ജില്ലകളിൽ ഓർഡിനറി സർവീസുകൾ കുറവായതിനാൽ പദ്ധതിയുടെ ഗുണം പൂർണ്ണമായി ലഭിക്കില്ലെന്ന പരാതി ഇതിനോടകം ഉയർന്നിട്ടുണ്ട്. ഈ ജില്ലകളിൽ ഫാസ്റ്റ് പാസഞ്ചർ ബസുകളിലും സൗജന്യം അനുവദിക്കണമെന്ന ആവശ്യം ഗതാഗത മന്ത്രി മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ ഉന്നയിക്കും. ഇന്നത്തെ ചർച്ചകളിലെ തീരുമാനങ്ങൾ ഉൾപ്പെടുത്തി ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുത്ത് ഉത്തരവിറക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Tags

Share this story

From Around the Web