കെപിസിസിക്ക് വീണ്ടും ജംബോ കമ്മിറ്റി? സെക്രട്ടറിമാരെ കൂടി ഉടന്‍ നിയമിക്കും. ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല

കെപിസിസിക്ക് വീണ്ടും ജംബോ കമ്മിറ്റി എന്ന് സൂചന. സെക്രട്ടറിമാരെ കൂടി ഉടൻ നിയമിക്കാൻ നേതൃതലത്തിൽ ധാരണയായിട്ടുണ്ട്. അതേസമയം ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്ന കാര്യത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല.
കെ. സുധാകരൻ അധ്യക്ഷനായിരുന്നപ്പോൾ ഉണ്ടായിരുന്ന കെപിസിസി ഭാരവാഹികളുടെ എണ്ണത്തിലെ 26 അംഗ സംഖ്യ വലുതാകും. വൈസ് പ്രസിഡന്റുമാർ, വർക്കിങ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ എന്നിവർക്ക് പുറമേ സെക്രട്ടറിമാർ കൂടി വരും.
മുൻ എംഎൽഎമാരടക്കം പലരും പാർട്ടി പദവിയില്ലാതെ പുറത്തു നിൽക്കുന്നത് കൂടി കണക്കിലെടുത്താണ് തീരുമാനം. മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസിഡന്റായിരിക്കെ നിയമിച്ച കെപിസിസി സെക്രട്ടറിമാരുടെ സ്റ്റാറ്റസ് തുടരുന്നുണ്ടെങ്കിലും അത് സജീവമല്ല.
ഈ പട്ടികയിൽ വലിയ മാറ്റം വന്നേക്കും. പുതുതായി വരുന്ന സെക്രട്ടറിമാർക്ക് തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കൂടുതൽ ചുമതലകൾ നൽകാനും ആലോചനയുണ്ട്.
അതേസമയം, ഡിസിസി അധ്യക്ഷൻമാരെ മുഴുവനായി മാറ്റണോ അതോ നല്ല പ്രകടനം കാഴ്ചവയ്ക്കുന്നവരെ മാത്രം നിലനിർത്തണോ എന്നതിൽ അന്തിമ തീരുമാനത്തിൽ എത്താൻ ആയിട്ടില്ല.
ഡിസിസി അധ്യക്ഷന്മാരെ മാറ്റുകയും തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുകയും ചെയ്താൽ അതും പാർട്ടിക്ക് ക്ഷീണം ആകും.