എന്‍ എം വിജയന്റെ കുടിശിക തീര്‍ത്ത് കെപിസിസി; ബാങ്കില്‍ 63 ലക്ഷം രൂപ അടച്ചു

 
233

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ ആത്മഹത്യ ചെയ്ത മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടിശിക അടച്ചുതീര്‍ത്ത് കെപിസിസി. ബാങ്കിലെ കുടിശികയായ 63 ലക്ഷം രൂപയാണ് കെപിസിസി അടച്ചത്.

എന്‍ എം വിജയന്റെ ബാങ്കിലെ കടബാധ്യത അടച്ചുതീര്‍ക്കാമെന്ന വാഗ്ദാനം പാലിച്ചില്ല എന്ന് കാട്ടി കുടുംബം കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നിരുന്നു. എന്‍ എം വിജയന്റെ മരുമകളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ കോണ്‍ഗ്രസിനെ ഇത് ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബത്തേരി അര്‍ബന്‍ ബാങ്കില്‍ എന്‍ എം വിജയന്റെ പേരിലുള്ള കടം കെപിസിസി അടച്ചുതീര്‍ത്തത്.

വാഗ്ദാനം പാലിച്ചില്ലെങ്കില്‍ ഗാന്ധി ജയന്തി ദിനത്തില്‍ സത്യാഗ്രഹം ഇരിക്കും എന്ന് വരെ കുടുംബം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസിയുടെ നടപടി. കോണ്‍ഗ്രസ് ആണ് ബത്തേരി അര്‍ബന്‍ സഹകരണ ബാങ്ക് ഭരിക്കുന്നത്. ഇവിടെ വിജയന്റെ പേരില്‍ എത്ര രൂപയുടെ കടം ഉണ്ടെന്ന് കഴിഞ്ഞദിവസം കെപിസിസി അന്വേഷിച്ച് വ്യക്തത വരുത്തിയിരുന്നു.

2007ല്‍ 40 ലക്ഷത്തോളം രൂപമാണ് വിജയന്‍ ബാങ്കില്‍ നിന്ന് കടമെടുത്തിരുന്നത്. ഇത് പലതവണ പുതുക്കിയിരുന്നു. പിന്നീട് കടബാധ്യത കൂടി പിഴ പലിശയിലേക്കൊക്കെ കടന്നതോടെയാണ് കടബാധ്യത 69 ലക്ഷം രൂപയായി മാറിയത്. സെറ്റില്‍മെന്റ് എന്ന നിലയില്‍ കുറച്ച 63 ലക്ഷം രൂപയാണ് കെപിസിസി നേതൃത്വം ഇടപെട്ട് അടച്ചുതീര്‍ത്തത്.

Tags

Share this story

From Around the Web