കൊട്ടിക്കയറി കൊട്ടിക്കലാശം, അലയടിച്ച് ആവേശം, പരസ്യപ്രചാരണം അവസാനിക്കുന്നു, കേരളം നിശബ്ദപ്രചാരണത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ആവേശക്കൊടുമുടിയിൽ. നാടും നഗരവും നിറഞ്ഞ് മുന്നണികളുടെ കൊട്ടിക്കലാശം. ഒരു മാസത്തിൽ താഴെ മാത്രം നിന്ന പരസ്യപ്രചാരണത്തിന് വൈകുന്നേരം ആറുമണിക്ക് തിരശ്ശീല വീഴും. നാളെ നിശബ്ദ പ്രചാരണം, കേരളം മറ്റന്നാൾ രാവിലെ ഏഴുമണിക്ക് പോളിങ് ബൂത്തിൽ. എൽഡിഎഫ് തുടരുമോ? യുഡിഎഫ് ഭരണം പിടിക്കുമോ? എൻഡിഎ അട്ടിമറി നേടുമോ? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ 24 ദിവസത്തെ കാത്തിരിപ്പ്, മെയ് നാലിന് കേരളം ആര് ഭരിക്കുമെന്ന് അറിയാം.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ വിവിധ മുന്നണികളുടെ പ്രവർത്തകരിൽ ആവേശം നിറച്ച് കൊട്ടിക്കലാശം. പാർട്ടി പതാകകളുമായി എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ പ്രവർത്തകർ നഗരവീഥികളിലേക്ക് ഒത്തുകൂടിയതോടെ കൊട്ടിക്കലാശം കളർഫുൾ.
ക്രെയിനിൽ കയറി സ്ഥാനാർഥികൾ വാനിലേക്ക് ഉയർന്നപ്പോൾ പ്രവർത്തകരിൽ ആവേശം അണപൊട്ടി. ടിപ്പറിലും ലോറികളിലുമായി പ്രവർത്തകരും നിറഞ്ഞു. കൊട്ടിക്കലാശത്തിന് മാറ്റുകൂട്ടാൻ തൃശൂരിൽ പുലികളും റോബോട്ടിക് ആനയും ഇറങ്ങി. അതിനിടെ, ആവേശം അതിരുവിട്ടപ്പോൾ ചിലയിടത്ത് പാർട്ടികളുടെ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.
ഒരുമാസത്തിൽ താഴെ മാത്രം നീണ്ടുനിന്ന പരസ്യപ്രചാരണം അവസാനിക്കുന്നതോടെ സ്ഥാനാർഥികൾ നാളെ നിശബ്ദമായി വോട്ട് തേടും. ഓരോ വോട്ടും പെട്ടിയിലാക്കുക എന്ന ലക്ഷ്യത്തോടെ ആയിരിക്കും സ്ഥാനാർഥികളുടെ നിശബ്ദപ്രചാരണം. 1951ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 126 (1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുൻപ് പരസ്യ പ്രചാരണം അവസാനിപ്പിക്കണമെന്ന വ്യവസ്ഥ നിയമസഭാ പൊതുതെരഞ്ഞെടുപ്പിനും ബാധകമാണ്.
പ്രചാരണ കാലയളവ് അവസാനിക്കുന്നതോടെ നിയമവിരുദ്ധമായ സംഘം ചേരൽ, പൊതുയോഗങ്ങൾ സംഘടിപ്പിക്കൽ, മൈക്ക് അനൗൺസ്‌മെന്റ്, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദർശനം, സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിച്ച് പ്രചാരണം നടത്തൽ എന്നിവക്ക് വിലക്കുണ്ട്. ഏപ്രിൽ ഒൻപത് വ്യാഴാഴ്ച രാവിലെ ഏഴുമുതൽ മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.