കെപിസിസി അധ്യക്ഷസ്ഥാനത്തിനായി അവകാശവാദവുമായി കൊടിക്കുന്നിൽ സുരേഷ്

 
2233

ന്യൂ ഡൽഹി: കെപിസിസി അധ്യക്ഷസ്ഥാനം തനിക്ക് നൽകണമെന്ന അവകാശവാദവുമായി കൊടിക്കുന്നിൽ സുരേഷ് എംപി. ഇതുമായി ബന്ധപ്പെട്ട് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി അദ്ദേഹം ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.

ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്ന ചർച്ചയിൽ, പാർട്ടിയിലെ തന്റെ സീനിയോറിറ്റി പരിഗണിച്ച് അധ്യക്ഷസ്ഥാനത്തിന് താൻ അർഹനാണെന്ന് അദ്ദേഹം ഖാർഗെയെ ബോധിപ്പിച്ചു. പലതവണ അർഹതയുണ്ടായിട്ടും തന്നെ തഴഞ്ഞതായും പരിഗണിക്കാതെ മാറ്റിവെച്ചതായും അദ്ദേഹം കൂടിക്കാഴ്ചയിൽ പരാതിപ്പെട്ടു.

സംസ്ഥാനത്തെ സംവരണ മണ്ഡലങ്ങളിൽ കോൺഗ്രസ് കൈവരിച്ച മികച്ച വിജയവും തന്റെ അവകാശവാദത്തിന് ആധാരമായി കൊടിക്കുന്നിൽ ഉയർത്തിക്കാട്ടി. കേരളത്തിലെ 16 സംവരണ സീറ്റുകളിൽ 11 എണ്ണത്തിലും യുഡിഎഫ് വിജയിച്ചത് വലിയ നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കെ കൊടിക്കുന്നിൽ സുരേഷിന്റെ ഈ നീക്കം ഹൈക്കമാൻഡിന് മുന്നിൽ പുതിയ സമവാക്യങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.

സണ്ണി ജോസഫ് മന്ത്രിയാകുന്നതോടെ ഒഴിവുവരുന്ന കെപിസിസി അധ്യക്ഷസ്ഥാനത്തിനായി കോൺഗ്രസ് എംപിമാർക്കിടയിൽ ചരടുവലി ശക്തമാകുന്നു. കൊടിക്കുന്നിൽ സുരേഷിന് പുറമെ ഷാഫി പറമ്പിൽ, ബെന്നി ബഹനാൻ, ആന്റോ ആന്റണി എന്നിവരാണ് പ്രധാനമായും രംഗത്തുള്ളത്. കൊടിക്കുന്നിലിന് പുറമെ മറ്റ് നേതാക്കളും ശക്തമായ പ്രതീക്ഷയിലാണ്.

രാഹുൽ ഗാന്ധിക്ക് ശേഷം കേരളത്തിൽ ഏറ്റവുമധികം ജനക്കൂട്ടത്തെ ആകർഷിക്കുന്ന 'ക്രൗഡ് പുള്ളർ' എന്ന നിലയിൽ ഷാഫി പറമ്പിലിനെ അധ്യക്ഷനാക്കണമെന്ന് ഒരു വിഭാഗം വാദിക്കുന്നു.

Tags

Share this story

From Around the Web