നൈജീരിയയിൽ സ്‌കൂളുകൾക്ക് നേരെ ആക്രമണം: തട്ടിക്കൊണ്ടുപോയ ക്രിസ്ത്യൻ അധ്യാപകനെ കൊലപ്പെടുത്തി
നൈജീരിയയിൽ സ്‌കൂളുകൾക്ക് നേരെ നടന്ന ആസൂത്രിത ആക്രമണത്തിന് പിന്നാലെ, തട്ടിക്കൊണ്ടുപോയ ക്രിസ്ത്യൻ അധ്യാപകനെ ഭീകരർ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി. ഒയോ സംസ്ഥാനത്തെ ഒഗ്ബോമോഷോയ്ക്ക് സമീപമുള്ള ഒരിരെ ലോക്കൽ ഗവൺമെന്റ് പരിധിയിൽ ഗണിതശാസ്ത്ര അധ്യാപകനായിരുന്ന മൈക്കൽ ഒയെദോകുൻ ആണ് കൊല്ലപ്പെട്ടത്. മൂന്ന് സ്കൂളുകളിൽ ആയുധധാരികൾ അതിക്രമിച്ചു കയറി ഏഴ് അധ്യാപകരെയും നിരവധി വിദ്യാർഥികളെയും തട്ടിക്കൊണ്ടുപോയി. ഇദ്ദേഹത്തിന്റെ കഴുത്തറക്കുന്ന ദൃശ്യങ്ങൾ ഭീകരർ ഓൺലൈനിലൂടെ പ്രചരിപ്പിച്ചതോടെ പ്രദേശത്ത് വ്യാപക പ്രതിഷേധമാണ്.
മെയ് 15-നാണ് മോട്ടോർ സൈക്കിളുകളിലെത്തിയ സായുധ സംഘം അഹോരോ-എസിനെലെ, യവോട്ട മേഖലകളിലെ മൂന്ന് സ്‌കൂളുകൾ വളഞ്ഞ് ആക്രമണം നടത്തിയത്. ഇവിടെ നിന്നും മൈക്കൽ ഒയെദോകുൻ ഉൾപ്പെടെ ഏഴ് അധ്യാപകരെയും നിരവധി വിദ്യാർഥികളെയും ഭീകരർ കാടുകളിലേക്ക് തട്ടിക്കൊണ്ടുപോവുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് അധ്യാപകൻ കൊല്ലപ്പെട്ട വിവരം പുറത്തുവരുന്നത്. എന്നാൽ ബാക്കി ബന്ദികളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് സുരക്ഷാ ഏജൻസികൾ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
അധ്യാപകന്റെ കൊലപാതക വാർത്ത പുറത്തുവന്നതോടെ ഒഗ്ബോമോഷോയിൽ ജനങ്ങളും അധ്യാപക സംഘടനകളും യുവാക്കളും തെരുവിലിറങ്ങി. പ്രധാന റോഡുകൾ ഉപരോധിച്ച പ്രതിഷേധക്കാർ, ഗ്രാമീണ മേഖലകളിലെ സ്‌കൂളുകൾക്കും ജനങ്ങൾക്കും അടിയന്തരമായി സുരക്ഷ ഉറപ്പാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. തട്ടിക്കൊണ്ടുപോയ മറ്റ് അധ്യാപകരെയും കുട്ടികളെയും സുരക്ഷിതമായി മോചിപ്പിക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സഭാ നേതൃത്വങ്ങളും മനുഷ്യാവകാശ സംഘടനകളും സംയുക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.
നൈജീരിയയുടെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ സമീപകാലത്തായി പണത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലുകളും മതപരമായ അക്രമങ്ങളും വർധിച്ചുവരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സമാനമായ രീതിയിൽ മറ്റ് ചില തീവ്രവാദ ക്യാമ്പുകളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ക്രിസ്ത്യൻ തടവുകാരെ ഭീകരർ വധിച്ചതായും റിപ്പോർട്ടുകളുണ്ട്.