നൈജീരിയയിൽ തട്ടിക്കൊണ്ടു പോകപ്പെട്ട കത്തോലിക്കാ വൈദികന് രണ്ടു മാസങ്ങൾക്കുശേഷം മോചനം
നൈജീരിയയിൽ തട്ടിക്കൊണ്ടു പോകപ്പെട്ട ഫാ. ബോബ്ബോ പാസ്ചലിനെ രണ്ടുമാസത്തെ തടവിനുശേഷം മോചിപ്പിച്ചതായി നൈജീരിയൻ മെത്രാപ്പോലീത്തൻ സീ സ്ഥിരീകരിച്ചു. 2025 നവംബർ 17 ന് കടുന കത്തോലിക്കാ അതിരൂപതയിലെ സെന്റ് സ്റ്റീഫൻ ഇടവകയിൽ നിന്നാണ് തോക്കുധാരികൾ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്.
കടുന അതിരൂപതയുടെ ചാൻസലർ, ലോക്കൽ ഓർഡിനറി, ആർച്ച്ബിഷപ്പ് മാത്യു മാൻ-ഓസോ എൻഡാഗോസോയ്ക്കു വേണ്ടി പുറത്തിറക്കിയ പ്രസ്താവനയിൽ, ഫാ. പാസ്ചലിനെ 2026 ജനുവരി 17 ന് മോചിപ്പിച്ചതായി വെളിപ്പെടുത്തുന്നു. “ഉത്കണ്ഠയുടെയും അനിശ്ചിതത്വത്തിന്റെയും ഈ കാലഘട്ടത്തിലുടനീളം പ്രാർഥിച്ചവർക്കും അദ്ദേഹത്തിന്റെ മോചനത്തിനായി പ്രയത്നിച്ചവർക്കും ആർച്ച്ബിഷപ്പ് എൻഡാഗോസോയുടെ അഗാധമായ നന്ദി”- ഫാ. ക്രിസ്റ്റ്യൻ ഒകേവു ഇമ്മാനുവൽ പ്രസ്താവനയിലൂടെ അറിയിച്ചു.
വിവേചനരഹിതമായ ആക്രമണങ്ങൾ, മോചനദ്രവ്യത്തിനായുള്ള തട്ടിക്കൊണ്ടുപോകൽ, ചില സന്ദർഭങ്ങളിൽ, കൊലപാതകം എന്നിവ നൈജീരിയയിൽ വളരെ വ്യാപകമാണ്. കൂടാതെ, ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ ഇസ്ലാമികരാഷ്ട്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്നതായി ആരോപിക്കപ്പെടുന്ന ഒരു സംഘടനയായ ബൊക്കോ ഹറാം 2009 മുതൽ രാജ്യത്ത് ഒരു പ്രധാന വെല്ലുവിളിയാണ്.
ഫുലാനി മിലിഷ്യ എന്നും അറിയപ്പെടുന്ന മുസ്ലീം ഫുലാനി തീവ്രവാദികളും രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും അരക്ഷിതാവസ്ഥ കൂടുതൽ സങ്കീർണ്ണമാക്കിയിട്ടുണ്ട്