2026-ലെ ലെയോ പാപ്പയുടെയും വത്തിക്കാന്റെയും അജണ്ടയിലെ പ്രധാനപ്പെട്ട ദിവസങ്ങൾ
2026 -ലെ കത്തോലിക്കാ സഭയിൽ, പ്രത്യേകിച്ച് വത്തിക്കാനിൽ നടക്കാനിരിക്കുന്ന പ്രധാനപ്പെട്ട പൊതുപരിപാടികൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം. 2026-ൽ ലെയോ പാപ്പയുടെയും വത്തിക്കാന്റെയും കാര്യപരിപാടികളിലെ പ്രധാനപ്പെട്ട ദിവസങ്ങൾ ഇതാ:
1. പ്രത്യാശയുടെ ജൂബിലി സമാപനം – ജനുവരി 6
2026 ജനുവരി ആറിന് എപ്പിഫാനി തിരുനാൾ ദിനത്തിൽ, ലിയോ പതിനാലാമൻ മാർപാപ്പ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ സമാപന ചടങ്ങിനും ദിവ്യബലിക്കും നേതൃത്വം നൽകും, ഇതോടെ 2024 ഡിസംബർ 24-ന് ഫ്രാൻസിസ് മാർപാപ്പ ആരംഭിച്ച പ്രത്യാശയുടെ ജൂബിലിക്ക് സമാപനമാകും.
2. കർദ്ദിനാൾമാരുടെ അസാധാരണ കൺസിസ്റ്ററി – ജനുവരി 7, 8
ജൂബിലിയുടെ സമാപനത്തെത്തുടർന്ന്, 2026 ജനുവരി 7, 8 തീയതികളിൽ മാർപാപ്പ കർദ്ദിനാൾമാരുടെ അസാധാരണ കൺസിസ്റ്ററി വിളിച്ചുകൂട്ടും. പൂർണ്ണമായ അജണ്ട ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത്തരത്തിലുള്ള യോഗം സാധാരണയായി മുഴുവൻ സഭയെയും ബാധിക്കുന്ന പ്രധാന സിദ്ധാന്തപരമോ, സ്ഥാപനപരമോ, അജപാലനപരമോ ആയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി നീക്കിവച്ചിരിക്കുന്നതാണ്.
3. ജനുവരി – മാർച്ച് മാസങ്ങളിൽ സിസ്റ്റൈൻ ചാപ്പലിലെ അസാധാരണ പുനരുദ്ധാരണം
2026 ജനുവരി മുതൽ സിസ്റ്റൈൻ ചാപ്പലിന്റെ പുനരുദ്ധാരണം ആരംഭിക്കും. ഇത് മാർച്ച് വരെ തുടരും. ഈസ്റ്ററിന് മുമ്പ് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ വർഷവും ദശലക്ഷക്കണക്കിന് സന്ദർശകരാണ് സിസ്റ്റെയിൻ ചാപ്പൽ സന്ദർശിക്കുന്നത്. അതിനാൽ ഇവിടം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഏറുകയാണ്.
4. കർദ്ദിനാൾ ആഞ്ചലോ ബെച്ചുവിന്റെ കേസിൽ അപ്പീൽ വിചാരണ – ഫെബ്രുവരി 3
ഇംഗ്ലണ്ടിലെ ലണ്ടനിൽ ഒരു കെട്ടിടം വാങ്ങുന്നതിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റ് ഫണ്ട് കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട കേസിലെ അപ്പീൽ നടപടിക്രമങ്ങൾ 2026 ഫെബ്രുവരി മൂന്നുവരെ മാറ്റിവച്ചിരുന്നു. റോമൻ റോട്ട ട്രൈബ്യൂണലിന്റെ ഡീനും സ്പാനിഷ് ജഡ്ജിയുമായ അലജാൻഡ്രോ അരെല്ലാനോ സെഡില്ലോ, 77 കാരനായ കർദ്ദിനാൾ ആഞ്ചലോ ബെച്ചുവിന്റെ അപ്പീൽ പരിഗണിക്കുന്ന മൂന്ന് ജഡ്ജിമാരുടെ പാനലിന് നേതൃത്വം നൽകുന്നു. 2023 ഡിസംബർ 16-ന്, ഫണ്ട് ദുരുപയോഗം ചെയ്തതിന് അദ്ദേഹത്തെ ശിക്ഷിക്കുകയും പൊതു ഓഫീസ് വഹിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. അദ്ദേഹത്തിന് 8,000 യൂറോ പിഴയും വിധിച്ചിരുന്നു.
5. രണ്ടാം ആഗോള ശിശുദിനം – സെപ്റ്റംബർ 25-27
ലെയോ പതിനാലാമൻ മാർപാപ്പ 2026 സെപ്റ്റംബർ 25 മുതൽ 27 വരെ റോമിൽ നടക്കുന്ന രണ്ടാം ആഗോള ശിശുദിനാഘോഷം പ്രഖ്യാപിച്ചു. അൽമായർക്കും കുടുംബത്തിനും ജീവിതത്തിനുമുള്ള ഡിക്കാസ്റ്ററി സംഘടിപ്പിക്കുന്ന ഈ പരിപാടി, ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് കുട്ടികളെയും കുടുംബങ്ങളെയും സമാധാനത്തിനും ശിശുക്കളുടെ ഭാവിക്കും വേണ്ടിയുള്ള കൂടിക്കാഴ്ചയുടെയും പ്രാർത്ഥനയുടെയും ആഘോഷത്തിന്റെയും ഒരു സമയമാണ്.
2026-ൽ ലെയോ പതിനാലാമൻ മാർപാപ്പ നടത്താൻ സാധ്യതയുള്ള ഔദ്യോഗിക അന്താരാഷ്ട്ര യാത്രകൾ ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. എങ്കിലും, 2026-ൽ നിരവധി രാജ്യങ്ങൾ സന്ദർശിക്കാനുള്ള ആഗ്രഹം മാർപാപ്പ പ്രകടിപ്പിച്ചിട്ടുണ്ട്: അൾജീരിയ, സ്പെയിൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ അർജന്റീന, ഉറുഗ്വേ, പെറു, മെക്സിക്കോ എന്നിവ സാധ്യതയുള്ള ലിസ്റ്റിൽ ഉൾപ്പെടുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ഗ്വാഡലൂപ്പിലെ ബസിലിക്ക സന്ദർശിക്കുന്നതിൽ പാപ്പയ്ക്ക് പ്രത്യേക താൽപ്പര്യവുമുണ്ട്.
കടപ്പാട് ലൈഫ് ഡേ