2026 ൽ മാർപാപ്പയുടെയും വത്തിക്കാന്റെയും അജണ്ടയിലെ പ്രധാന തീയതികൾ
പ്രത്യാശയുടെ ജൂബിലിയുടെ സമാപനം, കർദിനാൾമാരുടെ ആദ്യ കൺസിസ്റ്ററി തുടങ്ങിയ സുപ്രധാന സംഭവങ്ങൾ ഉൾക്കൊള്ളുന്ന 2026 ൽ, വത്തിക്കാനിൽ വളരെ തിരക്കേറിയ ഒരു വർഷത്തിനായി ലെയോ പതിനാലാമൻ മാർപാപ്പ തയ്യാറെടുക്കുകയാണ്. 2026 ലെ മാർപാപ്പയുടെയും വത്തിക്കാന്റെയും അജണ്ടയിലെ പ്രധാന തീയതികൾ ഏവയെന്നു നോക്കാം.
1. ജനുവരി ആറ്: പ്രത്യാശയുടെ ജൂബിലിയുടെ സമാപനം
എപ്പിഫനി തിരുനാൾ ദിനമായ ജനുവരി ആറിന്, ലെയോ പതിനാലാമൻ മാർപാപ്പ വിശുദ്ധ കുർബാന അർപ്പിക്കുകയും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ വിശുദ്ധ വാതിൽ അടയ്ക്കുന്ന ചടങ്ങ് നടത്തുകയും ചെയ്യും. അങ്ങനെ 2024 ഡിസംബർ 24 ന് ഫ്രാൻസിസ് മാർപാപ്പ ആരംഭിച്ച പ്രത്യാശയുടെ ജൂബിലിക്ക് സമാപനമാകും.
2. ജനുവരി ഏഴ്, എട്ട്: കർദിനാൾമാരുടെ അസാധാരണ കൺസിസ്റ്ററി
ജൂബിലിയുടെ സമാപനത്തെത്തുടർന്ന്, ജനുവരി ഏഴ്, എട്ട് തീയതികളിൽ മാർപാപ്പ കർദിനാൾമാരുടെ അസാധാരണ കൺസിസ്റ്ററി വിളിച്ചുകൂട്ടിയിട്ടുണ്ട്. ഇത്തരത്തിലുള്ള യോഗം സാധാരണയായി മുഴുവൻ സഭയെയും ബാധിക്കുന്ന പ്രധാന സിദ്ധാന്തപരമോ, സ്ഥാപനപരമോ, അജപാലനപരമോ ആയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി നീക്കിവച്ചിരിക്കുന്നു. വിശുദ്ധ വർഷം അവസാനിച്ചതിനു തൊട്ടുപിന്നാലെയുള്ള ദിവസങ്ങളിൽ ഇത് ഷെഡ്യൂൾ ചെയ്യുന്നത് ജൂബിലിയുടെ തീവ്രമായ അനുഭവത്തിനു ശേഷം ഒരു പുതിയ ഗതി നിശ്ചയിക്കാനുള്ള പാപ്പയുടെ ഉദ്ദേശ്യത്തെ വെളിപ്പെടുത്തുന്നതാണ്.
3. ജനുവരി: സിസ്റ്റൈൻ ചാപ്പലിൽ പുനരുദ്ധാരണം
ജനുവരി മുതൽ സിസ്റ്റൈൻ ചാപ്പലിൽ അസാധാരണമായ സംരക്ഷണപ്രവർത്തനങ്ങൾ ആരംഭിക്കും. ഇത് മാർച്ച് വരെ തുടരും; വിശുദ്ധവാരത്തിനു മുൻപ് പൂർത്തിയാകുമെന്നു പ്രതീക്ഷിക്കുന്നു. ഓരോ വർഷവും ദശലക്ഷക്കണക്കിന് സന്ദർശകർ എത്തുന്ന ഇടമാണിത്.
4. ഫെബ്രുവരി മൂന്ന് – കർദിനാൾ ബെച്ചു കേസിൽ അപ്പീൽ വാദം കേൾക്കൽ
ലണ്ടനിൽ ഒരു കെട്ടിടം വാങ്ങിയതിൽ പരിശുദ്ധ സിംഹാസനത്തിന്റെ സ്റ്റേറ്റ് സെക്രട്ടേറിയറ്റ് ഫണ്ട് കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട കേസിലെ അപ്പീൽ വാദം കേൾക്കൽ ഫെബ്രുവരി മൂന്നുവരെ മാറ്റിവച്ചു. 77 കാരനായ കർദിനാൾ ആഞ്ചലോ ബെച്ചു നൽകിയ അപ്പീൽ പരിഗണിക്കുന്ന മൂന്ന് ജഡ്ജിമാരുടെ പാനലിന് നേതൃത്വം നൽകുന്നത് റോമൻ റോട്ടയുടെ ഡീൻ ആയ സ്പാനിഷ് ജഡ്ജി അലജാൻഡ്രോ അരെല്ലാനോ സെഡില്ലോയാണ്. 2023 ഡിസംബർ 16 ന്, കർദിനാളിനെ വഞ്ചനയ്ക്ക് ശിക്ഷിക്കുകയും പൊതുസ്ഥാനം വഹിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. കൂടാതെ, അദ്ദേഹത്തിന് 8,000 യൂറോ ($9,400) പിഴയും വിധിച്ചിരുന്നു
5. സെപ്റ്റംബർ 25-27: രണ്ടാമത് ആഗോള ശിശുദിനം
സെപ്റ്റംബർ 25-27 തീയതികളിൽ റോമിൽ നടക്കുന്ന ണ്ടാമത് ആഗോള ശിശുദിനാഘോഷം ലെയോ പതിനാലാമൻ മാർപാപ്പ പ്രഖ്യാപിച്ചു. അൽമായർക്കും കുടുംബത്തിനും ജീവിതത്തിനുമുള്ള ഡിക്കാസ്റ്ററി സംഘടിപ്പിക്കുന്ന ഈ പരിപാടി, ലോകമെമ്പാടുമുള്ള ആയിരക്കണക്കിനു കുട്ടികളെയും കുടുംബങ്ങളെയും സമാധാനത്തിനും കുട്ടികളുടെ ഭാവിക്കും വേണ്ടിയുള്ള കൂടിക്കാഴ്ചയുടെയും പ്രാർഥനയുടെയും ആഘോഷത്തിന്റെയും ഒരു സമയത്തിനായി ഒരുമിച്ചു കൊണ്ടുവരാൻ ലക്ഷ്യമിടുന്നു.
2026 ൽ ലെയോ പതിനാലാമൻ മാർപാപ്പ സന്ദർശിക്കാൻ സാധ്യതയുള്ള അന്താരാഷ്ട്ര യാത്രകളുടെ ഔദ്യോഗിക യാത്രാ ഷെഡ്യൂൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, 2026 ൽ നിരവധി രാജ്യങ്ങൾ സന്ദർശിക്കാനുള്ള ആഗ്രഹം പാപ്പ പ്രകടിപ്പിച്ചിട്ടുണ്ട്. സെന്റ് അഗസ്റ്റീനുമായി ആഴത്തിൽ ബന്ധമുള്ള ആഫ്രിക്കൻ രാജ്യമായ അൾജീരിയ, അർജന്റീന, ഉറുഗ്വേ, സ്‌പെയിൻ, പെറു, മെക്സിക്കോ എന്നീ രാജ്യങ്ങളും സന്ദർശിക്കാൻ സാധ്യതയുള്ള രാജ്യങ്ങളിൽ ഉൾപ്പെടുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന മരിയൻ ദൈവാലയങ്ങളിലൊന്നായ ഗ്വാഡലൂപ്പിലെ ഔവർ ലേഡി ബസിലിക്ക സന്ദർശിക്കുന്നതിൽ പാപ്പയ്ക്ക് പ്രത്യേക താൽപര്യവുമുണ്ട്.