കേരളത്തിൻ്റെ കാത്തിരിപ്പിന് വിരാമം; മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: കേരളത്തിൻ്റെ കാത്തിരിപ്പിന് വിരാമമിട്ട് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്. ഉച്ചക്ക് ചേരുന്ന കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിന് ശേഷം നിർണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്ക് , അജയ് മാക്കൻ , കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരും ഇന്ന് തിരുവനന്തപുരത്ത് എത്തും.
കഴിഞ്ഞ ദിവസം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും നടത്തിയ ചർച്ചയിൽ നേതൃത്വം ഒറ്റപേരിലേക്ക് എത്തിയെന്നാണ് സൂചന. പ്രഖ്യാപനത്തിന് മുൻപ് വരെ തീരുമാനം അതീവ രഹസ്യമാക്കി വെക്കാനാണ് നേതൃത്വത്തിൻ്റെ തീരുമാനം. ഘടകകക്ഷി എം എൽഎമാരോടും തലസ്ഥാനത്ത് എത്താൻ നിർദേശം നൽകിയിട്ടുണ്ട് .
മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനിരിക്കെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. എംഎൽമാരുടെയും പ്രധാന നേതാക്കളുടെയും അടക്കം യോഗമാണ് പാർട്ടി ചെയർമാൻ പി. ജെ. ജോസഫ് വിളിച്ചു ചേർത്തിരിക്കുന്നത് . പാർട്ടി ചെയർമാൻ പി.ജെ. ജോസഫ്, അപു ജോൺ ജോസഫ്, മോൻസ് ജോസഫ് അടക്കമുള്ളവർ പങ്കെടുക്കും. നിയമസഭയിലേക്ക് ഏഴ് എംഎൽഎമാരുള്ള ജോസഫ് വിഭാഗത്തിലെ മന്ത്രി സ്ഥാനം അടക്കമുള്ള വിഷയങ്ങളിൽ തീരുമാനമുണ്ടായേക്കും.