സൗജന്യ ചികിത്സയുമായി കേരളത്തിലെ ആദ്യ ലഹരി വിമോചന ചികിത്സാ കേന്ദ്രം 42-ാം വയസിലേക്ക്

 
2222

പാലാ: കേരളത്തിലെ ആദ്യ ലഹരി വിമോചന ചികിത്സാ കേന്ദ്രമായ പാലാ അഡാര്‍ട് സേവന പാതയില്‍ 41 വര്‍ഷം പൂര്‍ത്തിയാക്കി 42-ാമത് വര്‍ഷത്തിലേക്ക് കടക്കുന്നു.

1984 ജൂലൈ മൂന്നിന് പാലാ രൂപതയുടെ പ്രഥമ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വയലിലാണ് അഡാര്‍ട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഫാ. സെബാസ്റ്റ്യന്‍ പാട്ടത്തില്‍, സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര, എന്‍.എം സെബാസ്റ്റ്യന്‍ തുടങ്ങിയവരുടെ ശ്രമഫലമായാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

1995 മുതല്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴില്‍ സൗജന്യ ചികിത്സയാണ് അഡാര്‍ട്ടില്‍ ലഭ്യമാക്കുന്നത്.

പാലാ-രാമപുരം റോഡില്‍ മാര്‍ക്കറ്റ് ജംഗ്ഷന് സമീപം സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അഡാര്‍ട്ടില്‍ 20 പേരെ കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യമുണ്ട്. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത 31 ദിവസത്തെ ചികിത്സ സൗജന്യമാണ്. 2013ലെ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും 2016 ലെ കേന്ദ്ര ഗവണ്‍മെന്റ് അവാര്‍ഡും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അഡാര്‍ട്ടിന് ലഭിച്ചിട്ടുണ്ട്. 2025 ലെ കരുണാസായി ബ്ലൂ റിബണ്‍ പുരസ്‌കാരവും അഡാര്‍ട്ടിനെ തേടിയെത്തിയിരുന്നു.

സ്‌കൂളുകളില്‍ അഡാര്‍ട്ട് ക്ലബ്ബുകള്‍, പ്രസിദ്ധീകരണ വിഭാഗം,എക്‌സിബിഷനുകള്‍, ഓഡിയോ വിഷ്വല്‍ പ്രോഗ്രാമുകള്‍, ബോധവല്‍ക്കരണ പരിപാടികള്‍, എ.എ ഗ്രൂപ്പുകള്‍, ഫാമിലി കൗണ്‍സിലിംഗ്, സാമൂഹിക വിഷയങ്ങളിലെ ഇടപെടലുകള്‍ തുടങ്ങിയ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ അഡാര്‍ട്ടിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നു.

പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് രക്ഷാധികാരിയും മോണ്‍. ജോസഫ് കണിയോടിക്കല്‍ ചെയര്‍മാനുമായുള്ള രജിസ്റ്റേഡ് ചാരിറ്റബിള്‍ സൊസൈറ്റി ആയ അഡാര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡയറക്ടര്‍ ഫാ. ജെയിംസ് പൊരുന്നോലിലും, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ എന്‍.എം സെബാസ്റ്റ്യനും നേതൃത്വം നല്‍കുന്നു.

സൈക്യാട്രിസ്റ്റ് ഡോ. സിസ്റ്റര്‍ പ്രശാന്തി, ഡോ. ഫ്‌ലോസി, സീനിയര്‍ കൗണ്‍സിലര്‍ ജോയ് കെ. മാത്യു, കൗണ്‍സില ര്‍മാരായ ലിജോ ജോസ്, മരിയ ആനി തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന പതിനഞ്ചംഗ ടീമും സദാ കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുന്നു.

അഡാര്‍ട്ടില്‍ ഇതിനോടകം 14,000 ത്തില്‍ പരം ആളുകള്‍ ചികിത്സ പൂര്‍ത്തിയാക്കി ലഹരിയുടെ പിടിയില്‍ നിന്നും മോചിതരായിട്ടുണ്ട്.

Tags

Share this story

From Around the Web