മുഖ്യമന്ത്രിയെ കാത്ത് കേരളം; അന്തിമ ചർച്ച ഇന്ന് ഡൽഹിയിൽ
ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രിയെ തീരുമാനിക്കാൻ അന്തിമ ചർച്ച ഇന്ന് ഡൽഹിയിൽ. വർക്കിങ് പ്രസിഡന്റുമാർ, കെപിസിസി മുൻ അധ്യക്ഷൻമാർ അടക്കമുള്ള നേതാക്കൾ ചർച്ചയുടെ ഭാഗമാകും. വർക്കിങ് പ്രസിഡന്റുമാരെ വിളിപ്പിച്ചതിൽ കടുത്ത അതൃപ്തിയിലാണ് വി.ഡി സതീശൻ ക്യാമ്പ്
മുൻ കെപിസിസി അധ്യക്ഷൻമാരായ വി.എം സുധീരൻ , കെ.മുരളീധരൻ, എം.എം ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സുധാകരൻ എന്നിവരെയാണ് ഡൽഹിയിലേക്ക് വിളിപ്പിച്ചത്. വർക്കിങ് പ്രസിഡന്റുമാരായ ഷാഫിപറമ്പില്‍, പി.സി വിഷ്ണുനാഥ്, എ.പി അനിൽകുമാർ, മുതിർന്ന നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണനെയും വിളിപ്പിച്ചിട്ടുണ്ട്. ഇവർ ഇന്ന് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും.
തീരുമാനം വൈകിപ്പിച്ച നേതൃത്വത്തിന്റെ നടപടിയിൽ അതൃപ്തിയുള്ള മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിൽ എത്തിയിട്ടില്ല. കെ.സി വേണു ഗോപാലിനെ പിന്തുണക്കുന്ന വർക്കിങ് പ്രസിഡന്റുമാരെക്കൂടി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതില്‍ വി.ഡി സതീശന്‍ ക്യാമ്പിന് അതൃപ്തിയുണ്ട് . ജനവികാരം അട്ടിമറിക്കാനുള്ള നീക്കമെന്നാണ് വി.ഡി ക്യാമ്പിന്റെ സംശയം.
കെ.സിയെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാൻഡ് തീരുമാനം നടപ്പിലാക്കാനാണോ എന്ന് പലർക്കും സംശയമുണ്ട്. ഹൈക്കമാൻഡ് തീരുമാനം അടിച്ചേൽപ്പിക്കുകയല്ല മറിച്ച് കൂടിയാലോചന നടത്തി എന്ന തോന്നൽ സൃഷ്‌ടിക്കുക മറ്റൊരു ലക്ഷ്യമാണ്. ഇതിനായിട്ടാണ് നേതാക്കളെ വിളിച്ചു വരുത്തിയതെന്നും ആക്ഷേപവുമുണ്ട്.