വാക്കു പാലിച്ച് കത്തോലിക്കാസഭ, വയനാട്, വിലങ്ങാട് ഉരുൾപൊട്ടലിൻ്റെ ഇരകൾക്കായി മെത്രാൻ സമിതി പ്രഖ്യാപിച്ച പുനരധിവാസ ദൗത്യം വിജയകരമായി മുന്നേറുന്നു
 

 
222

വയനാട്, വിലങ്ങാട് ഉരുൾപൊട്ടലിൻ്റെ ഇരകൾക്കായി കേരള കത്തോലിക്കാ മെത്രാൻ സമിതി പ്രഖ്യാപിച്ച പുനരധിവാസ ദൗത്യം വിജയകരമായി മുന്നേറുന്നു. നീതിക്കും സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള കെസിബിസി കമ്മീഷൻ വിലങ്ങാടിൽ 15 വീടുകളും വയനാട്ടിൽ 4 വീടുകളും ഇതിനകം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറിക്കഴിഞ്ഞു. തുടർച്ചയായ മഴ കാരണം വയനാട് പുനർനിർമ്മാണ പ്രക്രിയ മന്ദഗതിയിലായിപ്പോയെങ്കിലും കാലാവസ്ഥ കൂടുതൽ അനുകൂലമായതിനാൽ ഇപ്പോൾ അവിടെയും നിർമാണ പ്രക്രിയ ത്വരിതഗതിയിലായിട്ടുണ്ട്. ആകെ 128 വീടുകളുടെ നിർമ്മാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും.

വിലങ്ങാട് ഒരു വീടു നിർമാണത്തിന് 15-16 ലക്ഷം രൂപയായി എന്ന് KCBC JPD കമ്മീഷൻ സെക്രട്ടറി റവ. ഫാ. ജെയ്ക്കബ് മാവുങ്കൽ അറിയിച്ചു.

വയനാട്ടിൽ ബത്തേരി രൂപതയുടെയും (13 വീടുകൾ) മാനന്തവാടി രൂപതയുടെയും (50 വീടുകൾ) വിലങ്ങാട്ട് താമരശ്ശേരി രൂപതയുടെയും (65 വീടുകൾ) നേതൃത്വത്തിലാണ് വീടുകൾ നിർമിക്കപ്പെടുന്നത്. ഒരു വീടിന് 10 ലക്ഷം രൂപയാണ് KCBC ഒരു രൂപതയെ ഏല്പിക്കുന്നത്. 100 വീടുകൾക്കാണ് KCBC നേരിട്ടു ഫണ്ടു ചെയ്യുന്നത്. ബാക്കി തുക മേൽ പറഞ്ഞ രൂപതകളുടെ സാമൂഹിക സേവന വിഭാഗമാണ് കണ്ടെത്തുന്നത്. 28 വീടുകൾക്കുള്ള ഫണ്ടിങ് മറ്റു ക്രൈസ്തവ പ്രസ്ഥാനങ്ങളുടേതാണ്.

വിലങ്ങാട് വ്യക്തികളും പ്രസ്ഥാനങ്ങളും നല്കിയതാണ് ഭൂമി. അവിടെ 56 വീടുകളുടെ പണികൾ താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ പല ഘട്ടങ്ങളിലായി പുരോഗമിക്കുന്നു.

വയനാട്ടിലെ വാഴവറ്റയിൽ മാനന്തവാടി രൂപത ടൗൺഷിപ്പ് ആണ് ചെയ്യുന്നത് – 36 വീടുകൾ ഒരിടത്തും 11 വീടുകൾ മറ്റൊരിടത്തും 3 വീടുകൾ വ്യത്യസ്ത സ്ഥലങ്ങളിലും. രൂപത തന്നെയാണ് അവിടെ സ്ഥലം വാങ്ങിനല്കിയിട്ടുള്ളത്. തുടർച്ചയായ മഴയാണ് അവിടെ കാര്യങ്ങൾ മന്ദഗതിയിലാകാൻ ഇടയാക്കിയിട്ടുള്ളത്. ബത്തേരി രൂപതയാണ് 13 വീടുകൾക്കായി സ്ഥലം വാങ്ങുകയും നിർമാണത്തിന് നേതൃത്വം നല്കുകയും ചെയ്യുന്നത്.

മറ്റൊരു ശ്രദ്ധേയമായ കാര്യം കൂടിയുണ്ട് – വിലങ്ങാട്ടെ വീടുകളിൽ രണ്ടെണ്ണവും വയനാട്ടിലെ വീടുകളിൽ പത്തോളവും അക്രൈസ്തവ കുടുംബങ്ങൾക്കു വേണ്ടിയാണ്.

ഫാ. ജോഷി മയ്യാറ്റിൽ

Tags

Share this story

From Around the Web