പാര്‍പ്പിക്കുക ഏകാന്ത സെല്ലില്‍, ഭക്ഷണത്തിനു പോലും പുറത്തിറക്കില്ല; ഗോവിന്ദച്ചാമി വിയ്യൂർ ജയിലിലേക്ക്

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി വിയ്യൂർ ജയിലിലേക്ക്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമിയുമായി വാഹനം വിയ്യൂർ ജയിലിലേക്ക് പുറപ്പെട്ടു. കൊടുംകുറ്റവാളികളെ പാർപ്പിക്കുന്ന വിയ്യൂരിലെ അതിസുരക്ഷാ ജയിലിലെ ഏകാന്ത സെല്ലാണ് ഗോവിന്ദച്ചാമിക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. 536 പേരെ പാർപ്പിക്കാൻ ശേഷിയുള്ള ജയിലിൽ ഇപ്പോൾ 125 കൊടും കുറ്റവാളികളാണുള്ളത്. 4.2 മീറ്ററാണ് സെല്ലുകളുടെ ഉയരം.
വിയ്യൂർ ജയിലിലെ സെല്ലിൽ ഫാനും കട്ടിലും സിസിടിവി ക്യാമറകളുമുണ്ട്. സെല്ലുകളിലുള്ളവർക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. സെല്ലുകളിലേക്ക് ഭക്ഷണം എത്തിച്ച് നൽകുകയാണ് ചെയ്യുക, അതിന് പോലും പുറത്തിറക്കില്ല. ജയിലിന് പുറത്ത് ആറു മീറ്റർ ഉയരത്തിൽ 700 മീറ്റർ ചുറ്റളവുള്ള മതിലാണുള്ളത്. ഇതിനു മുകളിൽ പത്തടി ഉയരത്തില് വൈദ്യുത വേലിയുമുണ്ട്. മതിലിന് പുറത്ത് 15 മീറ്റർ വീതം ഉയരമുള്ള നാല് വാച്ച് ടവറും, ജയിലിൽ 24 മണിക്കൂറും നിരീക്ഷണത്തിന് ആയുധധാരികളുമുണ്ട്.
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ സർക്കാരിനെതിരെ വിമർശനം ശക്തമായിരിക്കെ, മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന് നടക്കും. ആഭ്യന്തര സെക്രട്ടറിയും പൊലീസ് - ജയിൽ വകുപ്പ് മേധാവിമാരും യോഗത്തിൽ പങ്കെടുക്കും. ജയിൽ ചാട്ടത്തിൽ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. ആരും സഹായിച്ചിട്ടില്ലെന്ന പ്രതിയുടെ മൊഴി അന്വേഷണ സംഘം പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.