കാന്തപുരം എന്ത് കുന്തം എറിഞ്ഞാലും പറയേണ്ടത് പറയും, മുസ്ലീം സമുദായത്തിനെതിരായ വിദ്വേഷ പരാമർശത്തിൽ ഉറച്ച് വെള്ളാപ്പള്ളി

മുസ്ലീം സമുദായത്തിനെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലീം സമുദായം കേരളത്തിലെ അജയ്യ ശക്തിയായി മാറി. അവർ ഗർജിച്ചാൽ മുട്ട് വിറയ്ക്കുന്ന അവസ്ഥയായി എന്നും വെള്ളാപ്പള്ളി. പള്ളുരുത്തിയിൽ ഒരുക്കിയ സ്വീകരണത്തിലാണ് പരാമർശം.
കോലം കത്തിച്ചാലും, തന്നെ കത്തിച്ചാലും നിലപാടിൽ നിന്ന് മാറില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ജാതി കോമരമാക്കാൻ നോക്കണ്ട. മുസ്ലീം സമുദായത്തോട് വിരോധമില്ലെന്നും താൻ പാവങ്ങൾക്ക് വേണ്ടി നിൽക്കുന്നവനാണെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. മതപണ്ഡിതന്മാർക്കും അവർ പറയുന്നതിനും മാത്രമേ വിലയുള്ളൂ എന്ന നിലയിലേക്ക് എത്തി. കാന്തപുരം എന്ത് കുന്തം എറിഞ്ഞാലും താന്‍ പറയേണ്ടത് പറയും. തദ്ദേശ തെരഞ്ഞെടുപ്പിൽ അർഹമായ പ്രാതിനിധ്യം വാങ്ങാൻ ശ്രമിക്കണം. ഇഷ്ടമുള്ള പാർട്ടിയിൽ നിന്ന് അർഹമായത് വാങ്ങിയെടുക്കണമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി കൂട്ടിച്ചേർത്തു.
പരിപാടിയില്‍ പങ്കെടുത്ത മന്ത്രി വി.എന്‍. വാസവന്‍ വെള്ളാപ്പള്ളിക്കെതിരായ കാന്തപുരം വിഭാഗം നേതാവിന്റെ പരാമർശങ്ങളെ തള്ളിക്കളഞ്ഞു. വിശ്രമ ജീവിതം നയിക്കേണ്ട കാലത്ത് ചരിത്രം സൃഷ്ടിക്കുന്ന ആളാണ് വെള്ളാപ്പള്ളിയെന്ന് വാസവന്‍ പറഞ്ഞു. കുത്തഴിഞ്ഞ പുസ്തകമായിരുന്ന എസ്എന്‍ഡിപി യോഗത്തെ വെള്ളാപ്പള്ളി കുത്തിക്കെട്ടി നല്ല പുസ്തകമാക്കി. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ നിർഭയ നിലപാടുകൾ പറയുന്നയാളാണ് വെള്ളാപ്പള്ളിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.