കണ്ണൂരിന്‍റെ ‘രണ്ടുരൂപ ഡോക്ടർ’ എ.കെ. രൈരു ഗോപാൽ അന്തരിച്ചു

കണ്ണൂർ: കണ്ണൂരിന്റെ ജനകീയ ഡോക്ടർ താണ മാണിക്കക്കാവിന് സമീപത്തെ എ.കെ. രൈരു ഗോപാൽ (80) അന്തരിച്ചു. വാർധക്യസഹജമായ രോഗത്തെ തുർന്നാണ് അന്ത്യം. ഭാര്യ: പി.ഒ. ശകുന്തള. മക്കൾ: ഡോ. ബാലഗോപാൽ, വിദ്യ. മരുമക്കൾ: ഡോ. തുഷാരാ ബാലഗോപാൽ, ഭാരത് മോഹൻ. അച്ഛൻ: പരേതനായ ഡോ. എ.ജി. നമ്പ്യാർ. അമ്മ: പരേതയായ എ.കെ. ലക്ഷ്മിക്കുട്ടിയമ്മ. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് പയ്യാമ്പലത്ത്.
സാധാരണക്കാരും പാവപ്പെട്ടവരുമായ രോഗികളുടെ ആശ്രയമായിരുന്നു ഡോക്ടറുടെ ക്ലിനിക്ക്. അരനൂറ്റാണ്ടോളം രോഗികളിൽനിന്ന് രണ്ടുരൂപ മാത്രം വാങ്ങിയായിരുന്നു ഡോക്ടറുടെ സേവനം.
പുലർച്ചെ നാലുമുതൽ വൈകീട്ട് നാലുവരെ ഡോ. രൈരു ഗോപാൽ രോഗികളെ പരിശോധിച്ചിരുന്നു. പിന്നീട് കുറച്ചുകാലം രാവിലെ ആറുമുതൽ വൈകീട്ട് നാലുവരെയാക്കി.
താണ മാണിക്കക്കാവിനടുത്ത് ‘ലക്ഷ്മി’ വീട്ടിലാണ് 10 വർഷത്തോളമായി രോഗികളെ പരിശോധിച്ചിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് മരുന്ന് സൗജന്യമായി നൽകിയിരുന്നു. ജില്ലയ്ക്ക് പുറത്തുനിന്നും രോഗികൾ എത്തിയിരുന്നു.